പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഏഴ് മലയാളികള്‍ക്ക് പുരസ്‌കാരം
ആത്മീയഗുരു ശ്രീ എം, അന്തരിച്ച നിയമവിദഗ്ധന്‍ എന്‍ ആര്‍ മാധവമേനോന്‍ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്‌കാരം നേടി. ഡോ.കെ എസ് മണിലാല്‍, എം കെ കുഞ്ഞോള്‍, എന്‍ ചന്ദ്രശേഖരന്‍നായര്‍, നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരെ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു.
ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കി. ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മ പുരസ്‌കാരപട്ടികയില്‍ ഇടംനേടിയത്. ആത്മീയഗുരു ശ്രീ എം, അന്തരിച്ച നിയമവിദഗ്ധന്‍ എന്‍ ആര്‍ മാധവമേനോന്‍ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്‌കാരം നേടി. ഡോ.കെ എസ് മണിലാല്‍, എം കെ കുഞ്ഞോള്‍, എന്‍ ചന്ദ്രശേഖരന്‍നായര്‍, നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരെ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു.
അന്തരിച്ച ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി ആദരിക്കും. രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ഏഴുപേര്‍ക്കാണ് ലഭിച്ചത്. നാലുപേരും രാഷ്ട്രീയനേതാക്കളാണ്. ജഗദീഷ് ലാല്‍ അഹുജ (പഞ്ചാബ്), മുഹമ്മ ഷരീഫ് (യുപി), ജാവേദ് അഹമ്മദ് ടക് (ജമ്മു കാഷ്മീര്‍), തുളസി ഗൗഡ (കര്‍ണാടക), അബ്ദുല്‍ ജബ്ബാര്‍ (മധ്യപ്രദേശ്) എന്നിവരടക്കം 21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.
മൗറീഷ്യസ് മുന്‍പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന അനീറൂഡ് ജുഗ്‌നൗത്, കായികതാരം മേരികോം, അന്തരിച്ച ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശരതീര്‍ത്ഥ പേജാവര അധോക് രാജ മാതാ ഉഡുപ്പി, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഛനുലാല്‍മിശ്ര എന്നിവരെയും ഈ വര്‍ഷം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസപ്രവര്‍ത്തകനാണ് സത്യനാരായണന്‍. 1984ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്കു വേണ്ടി പോരാടിയ അബ്ദുല്‍ ജബ്ബാറിന് മരണാനന്തര ബഹുമതിയായാണ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നത്. 2019 നവംബര്‍ 14നാണ് അദ്ദേഹം മരിച്ചത്.