പദ്മപുരസ്‌കാരം 2021: നാമനിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 15 വരെ സമര്‍പ്പിക്കാം

Update: 2020-07-02 11:30 GMT

ന്യൂഡല്‍ഹി: റിപബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന 2021ലെ പദ്മപുരസ്‌കാരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ നാമനിര്‍ദേശ/ശിപാര്‍ശ നടപടികള്‍ക്ക് തുടക്കമായി. പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 15 ആണ്. പദ്മപുരസ്‌കാര പോര്‍ട്ടലായ https://padmaawards.gov.inല്‍ ഓണ്‍ലൈന്‍ ആയി വേണം നാമനിര്‍ദേശങ്ങളും ശിപാര്‍ശകളും സമര്‍പ്പിക്കാന്‍.

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹവും വിശിഷ്ടവുമായ സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കായി നല്‍കുന്ന പദ്മപുരസ്‌കാരങ്ങള്‍ക്ക് 1954ലാണ് തുടക്കമിട്ടത്. വംശീയ, സ്ഥാന, ലിംഗ, തൊഴില്‍ ഭേദമില്ലാതെ, അര്‍ഹരായ എല്ലാവര്‍ക്കും ഈ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല.

പദ്മ പുരസ്‌കാരങ്ങളെ, 'ജനങ്ങളുടെ പദ്മ' ആക്കി മാറ്റാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തങ്ങളടക്കം അര്‍ഹരെന്നു തോന്നുന്ന ആര്‍ക്കും നാമനിര്‍ദേശമോ/ശിപാര്‍ശയോ നല്‍കാവുന്നതാണ്.

മുകളില്‍ പറഞ്ഞിരിക്കുന്ന പദ്മ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന മാതൃക അനുസരിച്ചു സമര്‍പ്പിക്കേണ്ട നാമനിര്‍ദേശത്തിലും/ ശിപാര്‍ശയിലും ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കേണ്ടതാണ്. നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തി, തന്റെ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും നല്‍കിയ സേവനങ്ങളും ഉള്‍പ്പെടുത്തി എണ്ണൂറ് വാക്കില്‍ കവിയാത്ത ഒരു ദൃഷ്ടാന്തം ഇതിനോടൊപ്പം സമര്‍പ്പിക്കണം.

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ (www.mha.gov.in) ല്‍, 'പുരസ്‌കാരങ്ങളും മെഡലുകളും' എന്ന തലക്കെട്ടിനു താഴെ ലഭ്യമാണ്.

ഈ പുരസ്‌കാരങ്ങള്‍ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും താഴെപ്പറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://padmaawards.gov.in/AboutAwards.aspx 

Tags:    

Similar News