ജസ്റ്റിസ് എം ഫാത്തിമാബീവിക്കും ഉഷ ഉതുപ്പിനും പത്മഭൂഷണ്‍; ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍

Update: 2024-01-26 06:10 GMT

ഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 5 പത്മവിഭൂഷണ്‍, 17 പത്മഭൂഷണ്‍, 110 പത്മശ്രീ പുരസ്‌കാരങ്ങള്‍ അടങ്ങുന്നതാണ് പട്ടിക. അവാര്‍ഡിന് അര്‍ഹരായവരില്‍ 30 പേര്‍ വനിതകളാണ്. മരണാനന്തര പുരസ്‌കാര ജേതാക്കളായ 9 പേരും പട്ടികയില്‍ ഉള്‍പ്പെടുന്നു. 8 പേര്‍ വിദേശ ഇന്ത്യക്കാരാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം, തെലുങ്ക് നടന്‍ ചിരഞ്ജീവി, സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ച ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ ബഹുമതി.

മലയാളികളായ സുപ്രീം കോടതി മുന്‍ ജഡ്ജി എം ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ രാജഗോപാല്‍, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍, കാസര്‍ഗോഡുള്ള പരമ്പരാഗത നെല്‍ക്കര്‍ഷകന്‍ സത്യനാരായണ ബെലരി, പി ചിത്രന്‍ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേര്‍ക്ക് പത്മശ്രീ.

അന്തരിച്ച തമിഴ് നടന്‍ വിജയകാന്ത്, ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകരായ ഹോര്‍മുസ്ജി എന്‍ കാമ, കുന്ദന്‍ വ്യാസ്, തയ്വാന്‍ കമ്പനി ഫോക്‌സ്‌കോണ്‍ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷണ്‍ പട്ടികയിലുണ്ട്.

കായികതാരങ്ങളായ രോഹന്‍ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്‌ന ചിന്നപ്പ (സ്‌ക്വാഷ്), തമിഴ് സാഹിത്യകാരന്‍ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാന്‍ അസമിലെ പാര്‍ബതി ബറുവ എന്നിവര്‍ക്കും പത്മശ്രീയുണ്ട്.





Tags:    

Similar News