അസമിനു പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ ജനം ചെറുത്തു തോല്‍പ്പിക്കണം: പോപുലര്‍ഫ്രണ്ട്

രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കണമെന്ന ആവശ്യം വ്യാപകമാവുന്ന സാഹചര്യത്തില്‍ അസമിന് പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും എതിര്‍ക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

Update: 2019-09-22 05:52 GMT

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കണമെന്ന ആവശ്യം വ്യാപകമാവുന്ന സാഹചര്യത്തില്‍ അസമിന് പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും എതിര്‍ക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ബാബരി കേസില്‍ സുപ്രിം കോടതിയെ സമീപിച്ച ഹരജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളിലും കൈയേറ്റ ശ്രമങ്ങളിലും കോഴിക്കോട് ചേര്‍ന്ന ത്രിദിന ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ ഞെട്ടിച്ച ഭീകര ആള്‍ക്കുട്ടക്കൊലകളിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പോലിസിന്റെയും പ്രോസിക്യൂഷന്റെയും കുറ്റകരമായ അനാസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

മത ഭാഷാ വര്‍ഗീയ വിദ്വേഷത്തില്‍ പ്രചോദിതരായ മതഭ്രാന്തരായ സംഘപരിവാര നേതാക്കള്‍ മാത്രമല്ല, എന്‍ആര്‍സി രാജ്യവാപകമാക്കുന്നതിന്റെ പ്രഥമ ലക്ഷ്യമായ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ചില നേതാക്കളും ഇത് രാജ്യവ്യാപകമാക്കുന്നതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ വരുന്നതിനു മുമ്പുതന്നെ, പൗരത്വ പരിശോധന ആസന്നമായിരിക്കുന്നപോലെ ജനങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്താന്‍ ചില സംഘങ്ങള്‍ എന്‍ആര്‍സി ഹെല്‍പ് ഡെസ്‌ക് സംവിധാനം ആസൂത്രണം ചെയ്യുന്നു. തങ്ങള്‍ക്കു ചുറ്റുമുള്ള അരക്ഷിതാവസ്ഥയെ തരണംചെയ്യാന്‍ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഇടയിലേക്കാണ് എന്‍ആര്‍സി ഭീതിയുടെ പേരില്‍ പുതിയ വിവാദങ്ങളും ഒച്ചപ്പാടും ഉയരുന്നത്.

അസമിലെ ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷങ്ങളുടെ നാലു പതിറ്റാണ്ടോളമുള്ള അധ്വാനവും സമ്പാദ്യവും മാത്രമല്ല, എല്ലാവിധ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങള്‍ കൂടിയാണ് എന്‍ആര്‍സി താറുമാറാക്കിയത്. ഇതിനുപുറമേ, അന്തിമമായി എന്‍ആര്‍സിക്കു പുറത്തായ ലക്ഷക്കണക്കിന് ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മാണം നടന്നുവരുന്ന തടങ്കല്‍ പാളയങ്ങളില്‍ കഴിയേണ്ടിവരും. എന്‍ആര്‍സി രാജ്യവ്യാപകമാക്കുന്നതിനായി ശബ്ദമുയര്‍ത്തുന്ന നേതാക്കളുടെ ദീര്‍ഘവീക്ഷണമില്ലാത്ത വാക്കുകള്‍, അറിഞ്ഞോ അറിയാതെയോ തടങ്കല്‍ പാളയങ്ങളില്‍ അവസാനിക്കുന്ന വര്‍ഷങ്ങള്‍ നീളുന്ന പരിഭ്രാന്തി സൃഷ്ടിക്കുന്നതിനാണ് വഴിയൊരുക്കുന്നത്. മതേതര ജനാധിപത്യമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന് എന്‍ആര്‍സി അപമാനമാണ്. ഇനി ഇത് അനുവദിച്ചുകൂടാ. അസമില്‍ തന്നെ എന്‍ആര്‍സിക്ക് അവസാനമുണ്ടാവണം. അസമിന് പുറത്ത് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനായി നടത്തുന്ന മുഴുവന്‍ സംവാദങ്ങളെയും പല്ലും നഖവും ഉപയോഗിച്ച് നേരിടണമെന്ന് മുഴുവന്‍ ജനങ്ങളോടും പാര്‍ട്ടികളോടും യോഗം ആവശ്യപ്പെട്ടു.

സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചത് ബിജെപി സര്‍ക്കാര്‍

രൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ യോഗം വിമര്‍ശിച്ചു. ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥ അഭൂതപൂര്‍വ്വമായ പ്രതിസന്ധിയിലാണെന്ന് അവസാനം സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. അതേസമയം, ഈ സാഹചര്യത്തിലേക്ക് എത്തപ്പെട്ടതിനേക്കുറിച്ചും ഇത് മറികടക്കുന്നതിനേക്കുറിച്ഛും സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നതായാണ് ഔദ്യോഗിക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക സൂചകങ്ങള്‍ കൂപ്പുകുത്തിയതിനു കാരണം എണ്‍പതുകളില്‍ ജനിച്ചവര്‍ കാറുവാങ്ങാത്തതല്ല. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക, അസംഘടിത മേഖലകള്‍ നേരിടുന്ന ഗുരുതരമായ തകര്‍ച്ചയുടെ സുചനയാണിത്. നോട്ടുനിരോധനവും ജിഎസ്ടിയും പോലെ 2014-19 കാലത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ നടുക്കുന്ന നടപടികള്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച നടപടികളിലൂടെ കഴിയില്ലെന്ന് യോഗം വിലയിരുത്തി. മോദി ഭരണകൂടം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച വളര്‍ച്ചാശുന്യതയില്‍ നിന്നു കയറാന്‍ ഇത്തരം സമാശ്വാസ നടപടികള്‍ പര്യാപ്തമല്ല. മറുഭാഗത്ത്, ചാണക, ഗോമൂത്ര സമ്പദ്ഘടന പോലുള്ള മണ്ടത്തരങ്ങള്‍ക്കു പിന്നാലെ കൂടുകയാണ് സര്‍ക്കാര്‍. ഗോസംരക്ഷണത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കാനും കന്നുകാലികളുടെ പേരില്‍ ഭീകരത സൃഷ്ടിക്കുന്ന ഗോരക്ഷകര്‍ക്ക് അത് നല്‍കുന്നതിനുമാണ് ബിജെപി നയിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയിടുന്നത്.

ബാബരി കേസ്: ഹരജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും നേരെയുള്ള കൈയേറ്റ ശ്രമം അപലപനീയം

ബാബരി മസ്ജിദിനായി സുപ്രിം കോടതിയില്‍ പോരാട്ടം നടത്തുന്നവര്‍ക്കെതിരെ ഉണ്ടാവുന്ന ആക്രമണത്തിലും ഭീഷണിയിലും പോപുലര്‍ഫ്രണ്ട് നാഷനല്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ചതിന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനുനേരെ വര്‍ഗീയ ശക്തികളില്‍നിന്നും നിരവധി ഭീഷണികളാണുണ്ടായത്. മുസ്‌ലിംകള്‍ക്കുവേണ്ടി ഹാജരായതിന് ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ക്കെതിരെ ധവാന്‍ പരാതി നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ക്ലാര്‍ക്കിനെയും തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയുണ്ടായി. ബാബരി തര്‍ക്കവിഷയത്തിലെ പ്രധാന അന്യായക്കാരനായ ഇക്ബാല്‍ അന്‍സാരിയെ രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍വച്ച് മര്‍ദ്ദിക്കുകയുണ്ടായി. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഇത് സുപ്രിംകോടതി ഗൗരവമായെടുത്ത് പ്രതികള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇക്ബാല്‍ അന്‍സാരിക്കെതിരെ ഉണ്ടായ ആക്രമണവും പരിശോധിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമാളുകള്‍ പ്രാകൃത രീതിയായ ഭീഷണിയും അക്രമവും പുനസ്ഥാപിക്കുകയാണ്. അവര്‍ക്ക് നീതി നടപ്പാകുന്നതില്‍ വിശ്വാസമില്ല. രാജ്യത്തെ പരമോന്നത കോടതിയില്‍ സത്യസന്ധവും ന്യായവുമായ പോരാട്ടം നടക്കുന്നതില്‍ നിന്നും പരാജയം ഭയക്കുകയാണ് അവര്‍. ബാബരി മസ്ജിദ് കേസില്‍ സത്യത്തിനും നീതിക്കും വേണ്ടി നടത്തുന്ന പോരാട്ടത്തിന് പോപുര്‍ഫ്രണ്ടിന്റെ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു. ഭീഷണി നേരിടുന്ന മുഴുവന്‍ കക്ഷികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് പരമോന്നത കോടതിയോട് അഭ്യര്‍ഥിച്ചു.

ആള്‍ക്കൂട്ട ആക്രമണക്കേസുകളില്‍ കുറ്റകരമായ അനാസ്ഥ

രാജ്യത്തെ ഞെട്ടിച്ച ഭീകര ആള്‍ക്കുട്ടകൊലക്കേസുകളില്‍ പോലിസും പ്രോസിക്യൂഷനും കുറ്റകരമായ അനാസ്ഥ വരുത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് പോപുലര്‍ഫ്രണ്ട് നാഷനല്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിരപരാധികള്‍ക്കുനേരെയുള്ള ആള്‍ക്കൂട്ട ആക്രമണം വ്യാപകമായിരിക്കുകയാണ്. ഇതിനെതിതിരെ നിയമനിര്‍മാണം നടത്തണമെന്ന് പരമോന്നത കോടതിക്കു പോലും നിര്‍ദ്ദേശിക്കേണ്ടിവന്നിരിക്കുന്നു. എന്നാല്‍, അടുത്തിടെ നടന്ന ഇത്തരം കേസുകളില്‍, പോലിസും പ്രോസിക്യൂഷനും കുറ്റകരമായ വീഴ്ചവരുത്തിയതായി കാണാന്‍ സാധിക്കും. 22കാരനായ തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊല ചെയ്ത കേസില്‍ 11 പ്രതികള്‍ക്കെതിരെ പോലിസ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുകയാണ്. നിരപരാധികളായ മുസ്‌ലിംകള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം നടത്തിയ കേസുകളില്‍ കുറ്റവാളികളുമായി പോലിസ് സഹകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. ഈ കേസ് പോലിസ് കൈകാര്യംചെയ്തതിനെ കുറിച്ച് ഗൗരവതരമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ തബ്‌രീസ് അന്‍സാരിയെ ചികില്‍സിക്കുന്നതിന് പകരം കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്. പരാതി രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മാത്രമാണ്. തബ്‌രീസ് അന്‍സാരിയെ ക്രൂരമായി ആക്രമിക്കുന്നതിനും ജയ് ശ്രീറാം വിളിപ്പിക്കുന്നതിനും രാജ്യം സാക്ഷിയായിട്ടുണ്ടെങ്കിലും കോടതിയില്‍ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് പോലിസ് പറയുന്നു. പെഹ്‌ലൂഖാന്‍ തല്ലിക്കൊല കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇര മരണ മൊഴിയില്‍ പറഞ്ഞ ആറ് പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടപ്പോള്‍, ആള്‍കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടക്കം നിര്‍ണായകമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ രാജസ്ഥാന്‍ െ്രെകംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച്ച അല്‍വാര്‍ വിചാരണക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ പൂര്‍ണതയെ ചോദ്യംചെയ്യപ്പെടുന്ന രീതിയില്‍ പ്രതിസന്ധിയുണ്ടാക്കും. നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുന്ന ഘടകങ്ങളെ ഒഴിവാക്കാന്‍ നീതിന്യായ സംവിധാനം പരിഷ്‌കരിക്കണമെന്ന് പരമോന്നത നീതിപീഠത്തോട് യോഗം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന, വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, സെക്രട്ടറിമാരായ അനീസ് അഹമ്മദ്, അബ്ദുല്‍ വാഹിദ് സേട്ട്, ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഇ എം അബ്ദു റഹ്മാന്‍, പ്രഫ. പി കോയ, കെ എം ശരീഫ്, അഡ്വ. എ മുഹമ്മദ് യൂസുഫ്, എ എസ് ഇസ്മായില്‍, മുഹമ്മദ് റോഷന്‍, എം അബ്ദുസ്സമദ്, മുഹമ്മദ് ഇസ്മായില്‍, യാ മൊയ്തീന്‍, അഫ്‌സര്‍ പാഷ, എം കലീമുല്ല, എസ് അഷ്‌റഫ് മൗലവി സംബന്ധിച്ചു. 

Tags:    

Similar News