കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും. പഞ്ചാബ്, അസം, മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ മൂന്നാമതായാവും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുക.

Update: 2020-06-16 02:20 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് രണ്ടുദിവസത്തെ യോഗം തുടങ്ങുന്നത്. ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും. പഞ്ചാബ്, അസം, മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ മൂന്നാമതായാവും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുക.

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് അടക്കമുള്ള വിഷയങ്ങള്‍ കേരളം ഉന്നയിക്കുമെന്നാണ് വിവരം. ബുധനാഴ്ച കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നരേന്ദ്രമോദി സംവദിക്കും. രാജ്യത്തെ കൊവിഡ് സാഹചര്യത്തിന് പുറമെ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കും.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. അതിനിടെ, ജൂണ്‍ 30ന് അവസാനിക്കുന്ന അഞ്ചാംഘട്ട ലോക്ക് ഡൗണിനിടെ സര്‍ക്കാര്‍ പൊതുഗതാഗതത്തിനും ഓഫിസുകളുടെയും മാളുകളുടെയും പ്രവര്‍ത്തനത്തിനും അടക്കം അനുമതി നല്‍കിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മെയ് 11 നാണ് ഇതിനുമുമ്പ് വീഡിയോ കോണ്‍ഫറന്‍സ് നടന്നത്.  

Tags:    

Similar News