കൊവിഡ് വാക്‌സിനേഷന്‍: രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും

50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ നല്‍കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.

Update: 2021-01-21 10:40 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ നല്‍കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.

ഹരിയാന, ബിഹാര്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരെ കൊവിഡ് മുന്‍നിര പോരാളികളായി കണക്കാക്കി പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ജനുവരി 16നാണ് രാജ്യത്ത് ആദ്യഘട്ട വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള കൊവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. രാജ്യത്ത് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷമായിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയാണ് വിതരണം ചെയ്തുവരുന്നത്. 14,199 കേന്ദ്രങ്ങളിലായി ബുധനാഴ്ച നടന്ന കുത്തിവയ്പില്‍ 1.12 ലക്ഷം പേര്‍കൂടി വാക്‌സിന്‍ സ്വീകരിച്ചു.

Tags:    

Similar News