കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ മോദിക്ക് മുഖ്യപങ്ക്; വെളിപ്പെടുത്തലുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ആരോടും പറയരുതെന്ന് തമാശരൂപേണ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ആരോടും പറയരുത്. താന്‍ ഇത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ ആദ്യമായി ഇത് പരസ്യമാക്കുകയാണ്.

Update: 2020-12-17 05:33 GMT

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗിയ. ബുധനാഴ്ച ഇന്‍ഡോറില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് വിജയ്‌വാര്‍ഗിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോടും പറയരുതെന്ന് തമാശരൂപേണ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ആരോടും പറയരുത്. താന്‍ ഇത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ ആദ്യമായി ഇത് പരസ്യമാക്കുകയാണ്.

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ ആരെങ്കിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍, അത് നരേന്ദ്രമോദിയായിരുന്നു, ധര്‍മേന്ദ്ര പ്രഥാനല്ല വിജയ്‌വാര്‍ഗിയ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രഥാനും പങ്കെടുത്ത ചടങ്ങിലായിരുന്നു വിജയ്‌വാര്‍ഗിയയുടെ അവകാശവാദം. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഇതേ കാര്യമുന്നയിച്ച് രംഗത്തുവന്നിരുന്നു.

കോണ്‍ഗ്രസുമായുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ അതൃപ്തി മുതലെടുക്ക് കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയായിരുന്നു എന്നാണ് ചൗഹാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കമല്‍നാഥ് സര്‍ക്കാരിലെ 22 എംഎല്‍എമാരാണ് ബിജെപിയിലേക്ക് പോയത്. 2018 ഡിസംബറില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്നായിരുന്നു കമല്‍നാഥിന്റെ ആരോപണം.

Tags:    

Similar News