സ്റ്റൈപ്പന്റ് വര്‍ധിപ്പിക്കാത്തതിനെതിരേ പ്രതിഷേധം; 2000ത്തോളം ഗവേഷകര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് ഓള്‍ ഇന്ത്യാ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ(എഐആര്‍എസ്എ) നേതൃത്വത്തില്‍ എംഎച്ചആര്‍ഡി ആസ്ഥാനത്തു സമരം നടത്തിയത്
ന്യൂഡല്‍ഹി: സ്‌റ്റൈപ്പന്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ച 2000ത്തോളം ഗവേഷകരെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറുമാസമായി സ്‌റ്റൈപ്പന്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷക വിദ്യാര്‍ഥികള്‍ ദേശവ്യാപകമായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേയായിരുന്നു സമരം നടത്തിയത്. തെരുവിലിറങ്ങിയ സമരക്കാരെയെല്ലാം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് ഓള്‍ ഇന്ത്യാ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ(എഐആര്‍എസ്എ) നേതൃത്വത്തില്‍ എംഎച്ചആര്‍ഡി ആസ്ഥാനത്തു സമരം നടത്തിയത്. ഇതിനു ശേഷം ജന്ദര്‍ മന്ദിറിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനിരിക്കെയാണ് പോലിസ് നടപടി. സമാധാനപരമായി സമരം നടത്തുകയായിരുന്നവരെയാണ് വൈകീട്ടോടെ പോലിസ് അറസ്റ്റ് ചെയ്തതെന്നു സമരക്കാരുടെ ദേശീയപ്രതിനിധി നിഖില്‍ ഗുപ്ത പറഞ്ഞു. ഞങ്ങളെ അഞ്ചു ബസ്സുകളിലായാണു അറസ്റ്റ് ചെയ്തത്. പിന്നീട് പാര്‍ലിമെന്റ് പോലിസ് സ്‌റ്റേഷനിലും മന്ദിര്‍ മാര്‍ഗ് പോലിസ് സ്‌റ്റേഷനിലുമുള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലേക്കു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രജ്ഞരെയും ഇന്ത്യന്‍ ഗവേഷകരെയും പ്രോല്‍സാഹിപ്പിക്കുമെന്നു പറയുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരം ചെയ്യണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ശാസ്ത്രീയ ഉപദേഷ്ടാവ് കെ വിജയരാഘവന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി സെക്രട്ടറി അശുതോഷ് ശര്‍മ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധനന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. അവര്‍ നമുക്ക് നിരവധി വാഗ്ദാനങ്ങളാണു നല്‍കിയത്. ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കത്തെഴുതിയിരുന്നു. ഔദ്യോഗികമായി നിവേദനം നല്‍കുകയും ചെയ്തിരുന്നെങ്കിലും പരിഹരിക്കുന്നില്ലെന്ന് നിഖില്‍ പറഞ്ഞു. രാജ്യവ്യാപകമായുള്ള ഗവേഷക വിദ്യാര്‍ഥികളും പ്രക്ഷോഭത്തില്‍ പങ്കാളികളാവുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിലുള്ള നിരവധി പേരാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. രാജ്യത്തെ എല്ലാവരോടും പിന്തുണ തേടുന്നതായും സമരക്കാര്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലുള്ള രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളേഴ്‌സ് ഫോറം(ആര്‍ജിയുആര്‍എസ്എഫ്) ഇതേ ആവശ്യമുന്നയിച്ച് റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ കാംപസുകളിലും റാലിയുടെ സന്ദേശം എത്തിക്കുമെന്നും ഡല്‍ഹിയില്‍ സംഗമിക്കുമെന്നും ചെയര്‍മാന്‍ മാര്‍ഗം ആദോ പറഞ്ഞു. 2018 ഏപ്രിലിലെ അപേക്ഷകള്‍ മുതല്‍ ഫെല്ലോഷിപ്പ് തുക 80 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം.