മകനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ചെന്ന അച്ഛന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

ആലങ്ങാട് സ്വദേശി നിഥിന്‍ (24), നീറിക്കോട് സ്വദേശി തൗഫീക്ക് (22) കരുമാലൂര്‍ സ്വദേശി വിവേക് (23) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് നീറിക്കോട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്

Update: 2022-08-29 12:46 GMT

കൊച്ചി: മകനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ചെന്ന അച്ഛന്‍ മര്‍ദ്ദനമേറ്റ് മരിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആലങ്ങാട് സ്വദേശി നിഥിന്‍ (24), നീറിക്കോട് സ്വദേശി തൗഫീക്ക് (22) കരുമാലൂര്‍ സ്വദേശി വിവേക് (23) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് നീറിക്കോട് സ്വദേശി വിമല്‍ കുമാറാണ് മരണമടഞ്ഞത്. കഴിഞ്ഞ ഇരുപതിന് വൈകിട്ടായിരുന്നു. സംഭവം.

വിമല്‍ കുമാറിന്റെ മകന്‍ റോഹിനെയും സുഹൃത്തിനെയും പ്രതികള്‍ ആക്രമിക്കുന്നത് കണ്ട് പിടിച്ച് മാറ്റാന്‍ ചെന്ന വിമല്‍ കുമാറിനെയും ഇവര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അന്ന് തന്നെ മരണമടഞ്ഞു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് നിഥിനും, തൗഫീക്കും ഇതിന് ശേഷം ഇവര്‍ക്ക് രക്ഷപ്പെടാന്‍ വാഹനം നല്‍കി സഹായിച്ചതാണ് വിവേക് എന്ന് പോലിസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്‌ഐ രതീഷ് ബാബു, എഎസ്‌ഐ മാരായ സജിമോന്‍, ബിനോജ്, എസ്‌സിപിഒ മുഹമ്മദ് നൗഫല്‍, സിപിഒ മാരായ സിറാജുദ്ദീന്‍, എഡ്‌വിന്‍ ജോണി, പ്രതീഷ് എന്നിവരും അമ്പേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News