ദലിത് ദമ്പതികള്‍ക്കെതിരായ പോലിസ് അതിക്രമം മനുഷ്യത്വരഹിതം: എസ്ഡിപിഐ

ക്രൂരമായി പെരുമാറിയ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കേണ്ടതിനു പകരം ജില്ലാ പോലിസ് മേധാവിയാവട്ടെ ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു.

Update: 2020-07-17 13:32 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ജഗത്പൂര്‍ ചാക്ക് പ്രദേശത്ത് ദലിത് ദമ്പതികള്‍ക്കെതിരായി നടന്ന പോലിസ് അതിക്രമത്തെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. റവന്യൂ ഉദ്യോഗസ്ഥരും പോലിസും ബുള്‍ഡോസര്‍ ഉപയോഗിച്ച് തങ്ങളുടെ വിളകള്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് കീടനാശിനി കഴിച്ച ദമ്പതികള്‍ക്കു നേരെയാണ് പോലിസ് വീണ്ടും അതിക്രമം നടത്തിയത്. ദമ്പതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബന്ധുവിനെയും പോലിസ് ക്രൂരമായി മര്‍ദിച്ചു. മാതാപിതാക്കളെ രക്ഷിക്കാന്‍ നിലവിളിച്ചെത്തിയ കുട്ടിയെ പോലും പോലിസ് അസഭ്യം പറയുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.

മോഡല്‍ സയന്‍സ് കോളജിനുവേണ്ടി അനുവദിച്ച സ്ഥലത്ത് കൃഷിചെയ്ത കുടുംബത്തെ ഒഴിപ്പിക്കാനെത്തിയതായിരുന്നു പോലിസും റവന്യൂ ഉദ്യോഗസ്ഥരും. വിളവെടുപ്പ് വരെയെങ്കിലും സാവകാശം അനുവദിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പോലിസ് നിരസിക്കുകയായിരുന്നു. ക്രൂരമായി പെരുമാറിയ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കേണ്ടതിനു പകരം ജില്ലാ പോലിസ് മേധാവിയാവട്ടെ ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു. പോലിസ് അതിക്രമത്തില്‍ ജില്ലാ പോലിസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കുമെതിരേ നടപടിയെടുത്ത മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ എം കെ ഫൈസി അഭിനന്ദിച്ചു.

എന്നാല്‍, ഈ നടപടികള്‍ കേവലം താല്‍ക്കാലിക തന്ത്രമായി മാറരുതെന്ന് അദ്ദേഹം പ്രത്യാശിച്ചു. വലതുപക്ഷ ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ അധ:സ്ഥിതരും പാര്‍ശ്വവല്‍കൃതരും ന്യൂനപക്ഷങ്ങളും എല്ലാവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ടവരായി മാറിയിരിക്കുകയാണെന്ന് ഫൈസി വ്യക്തമാക്കി. ദലിത് ദമ്പതികള്‍ക്കെതിരായ പോലിസ് അതിക്രമത്തില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും അധികൃതര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News