പോലിസ് അതിക്രമത്തിനെതിരേ ജാമിഅ മില്ലിയയില്‍ വീണ്ടും വിദ്യാര്‍ഥികളുടെ പ്രതിഷേധം
കാംപസിന്റെ ഏഴാം ഗേറ്റിന് മുന്നിലാണ് പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാര്‍ഥികളെത്തിയത്. ആണ്‍കുട്ടികള്‍ ഷര്‍ട്ടൂരിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ കാംപസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കാംപസിന് മുന്നില്‍ വീണ്ടും പ്രതിഷേധം. കാംപസിന്റെ ഏഴാം ഗേറ്റിന് മുന്നിലാണ് പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാര്‍ഥികളെത്തിയത്. ആണ്‍കുട്ടികള്‍ ഷര്‍ട്ടൂരിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ കാംപസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധപ്രകടനം നടത്തുകയാണ് വിദ്യാര്‍ഥികള്‍. കാംപസിനുള്ളിലേക്ക് വിദ്യാര്‍ഥികളെ പോലിസ് കയറ്റിയിരുന്നില്ല. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൗരത്വഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനുനേരെ ഞായറാഴ്ചയാണ് പോലിസിന്റെ നരനായാട്ടുണ്ടായത്. കാംപസിനുള്ളില്‍ അതിക്രമിച്ചുകയറിയ പോലിസ് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കാംപസിലെ ലൈബ്രറിക്കുള്ളില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളെയും ജീവനക്കാരെയും പോലിസ് മര്‍ദിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പോലിസ് അതിക്രമിച്ചാണ് കാംപസില്‍ കടന്നതെന്നും വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലിസ് വിദ്യാര്‍ഥികള്‍ക്കുനേരേ വെടിവയ്പ്പ് നടത്തിയതായും റിപോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലടക്കം പോലിസിനെതിരേ പ്രതിഷേധം അണപൊട്ടിയതോടെയാണ് ജാമിഅയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ പോലിസ് വിട്ടയച്ചത്.