ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം: പോപുലര്‍ ഫ്രണ്ട്
രാജ്യത്ത് ഇപ്പോള്‍ കണ്ടുവരുന്ന സംഭവവികാസങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ക്കും പാഠങ്ങളുണ്ട്. വ്യാജ ഏറ്റുമുട്ടലുകളും വംശഹത്യകളും അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ക്രിമിനലുകള്‍ക്കുപോലും രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അവസരമൊരുക്കി. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പി ചിദംബരം തന്നെയാണ് ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു
ന്യൂഡല്‍ഹി: മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരേ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതവും അധികാര ദുര്‍വിനിയോഗവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. മുതിര്‍ന്ന നേതാക്കളെ ലക്ഷ്യംവച്ച് പ്രതിപക്ഷത്തിന്റെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇപ്പോള്‍ കണ്ടുവരുന്ന സംഭവവികാസങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ക്കും പാഠങ്ങളുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ അവരുടെ ഭരണകാലത്ത് മൃദുഹിന്ദുത്വം പയറ്റിയത് രാഷ്ട്രീയ നേട്ടം മുന്നില്‍കണ്ടാണ്. വ്യാജ ഏറ്റുമുട്ടലുകളും വംശഹത്യകളും അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ക്രിമിനലുകള്‍ക്കുപോലും രക്ഷപ്പെടാന്‍ ഇവര്‍ അവസരമൊരുക്കി. ഭീകര നിയമങ്ങള്‍ പാസാക്കിയും അധോരാഷ്ട്രത്തെ ശക്തിപ്പെടുത്തിയും അധികാരദുര്‍വിനിയോഗത്തിനു എല്ലാ വഴികളുമൊരുക്കിയത് കോണ്‍ഗ്രസ് ആണ്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പി ചിദംബരം തന്നെയാണ് ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. എന്‍ഐഎ, യുഎപിഎ നിയമഭേദഗതികള്‍ പാസാക്കിയത് ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലയളവിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വേട്ടയാടല്‍ അവരുടെ കണ്ണുതുറപ്പിക്കണം. പൗരാവകാശ പ്രസ്ഥാനങ്ങള്‍ തുടക്കം മുതല്‍ ഈ സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനാധിപത്യമൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ബിജെപിയുടെ വര്‍ഗീയ, സ്വേച്ഛാധിപത്യ അജണ്ടകള്‍ തുറന്നുകാണിക്കുന്നതിനും പ്രതിപക്ഷ കക്ഷികള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.