ഡല്‍ഹിയിലെ വായു മലിനീകരണം: ആറ് തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ അടച്ചിടും, 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം; കടുത്ത നടപടികളുമായി കേന്ദ്രം

Update: 2021-11-17 13:31 GMT

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ പ്രശ്‌നപരിഹാരത്തിന് കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ സ്‌കൂളുകളും വ്യവസായ ശാലകളും അടച്ചിടാനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ അതിഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശം അനുസരിച്ച് ചേര്‍ന്ന എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ യോഗത്തിനുശേഷമാണ് തീരുമാനം.

21 വരെ നിര്‍മാണങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഡല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തി. 30 വരെ 11 തെര്‍മല്‍ പവര്‍ പ്ലാന്റുകളില്‍ ആറെണ്ണം അടച്ചിടും. അഞ്ച് തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിപ്പിക്കുക. ഗ്യാസ് ഉപയോഗിക്കുന്ന വ്യവസായശാലകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കൂ. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തില്ല.

ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ ജീവനക്കാരോടും ഓഫിസുകളില്‍ പോവുമ്പോള്‍ പരമാവധി പൊതുഗതാഗതം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ ന്ിര്‍ദേശപ്രകാരമാണ് തലസ്ഥാനത്തും പരിസരത്തുമുള്ള സ്‌കൂളുകളും കോളജുകളും ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാനും ഡല്‍ഹിക്ക് സമീപമുള്ള ആറ് കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ താല്‍കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവായത്. ദീപാവലി മുതല്‍ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായി മാറിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊവിഡ് ലോക്ക് ഡൗണിന്റെ സമയത്തേത് പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സാധ്യത. വായു മലിനീകരണത്തിന്റെ പ്രധാന ഘടകം വിള കത്തിക്കലാണെന്നാണു കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ കീഴിലുള്ള വായു നിലവാര നിരീക്ഷണ കേന്ദ്രമായ സഫര്‍ വ്യക്തമാക്കുന്നത്. ഈ മാസം 4 മുതല്‍ 14 വരെയുള്ള കണക്കുകളിലും ഇത് കാണാം. മലിനീകരണത്തിന്റെ 25 ശതമാനം വിള കത്തിക്കലാണെന്നു നവംബര്‍ നാലിലെ റിപോര്‍ട്ട് പറയുന്നു. നവംബര്‍ 5ന് ഇതു 36 ശതമാനമായും ആറാം തീയതി ഇതു 41 ശതമാനമായും വര്‍ധിച്ചു.

ഏഴിനു ഇതു 48 ശതമാനമായിരുന്നു. എട്ടിനു 30 ശതമാനവും ഒമ്പതിനും 10നും 27 ശതമാനവും 11ന് 26 ശതമാനവുമായിരുന്നു. 12നു 35%, 13നു 31%, 14നു 12% എന്നിങ്ങനെയായിരുന്നു നില. 'ഈ കണക്കുകള്‍ പരിശോധിച്ചാല്‍ ശരാശരി 31 ശതമാനമാണു വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു കൊണ്ടുള്ള മലിനീകരണം. ഇതു കേന്ദ്രം നല്‍കിയ കണക്കാണ്. എന്നാല്‍, കേന്ദ്രം സുപ്രിംകോടതിയില്‍ പറയുന്നതു മറ്റൊന്നും. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം ആവശ്യമാണ്'- മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.

Tags:    

Similar News