ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി; വിമര്‍ശനവുമായി ഇന്ദിരാ ജയ്‌സിങ്
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടിലെത്തി ഗണേശപൂജയില്‍ പങ്കെടുത്തിരുന്നു. ഇതിനെതിരേയാണ് അഭിഭാഷക ഇന്ദിര ജയ്‌സിങ് രംഗത്തെത്തിയത്. ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടിയെന്ന് അവര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും ഇന്ദിര ജയ്‌സിങ് വിമര്‍ശിച്ചു.
'ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ചവരുത്തി. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ നടപടിയെ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അപലപിക്കണം' -ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുത്തത്. ഗണേശ ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായായിരുന്നു ചീഫ് ജസ്റ്റിനും പത്‌നി കല്‍പന ദാസിനുമൊപ്പം മോദി പൂജയില്‍ പങ്കെടുത്തത്. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ആര്‍.ജെ.ഡി എം.പി മനോജ് കുമാര്‍ ഝാ പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും നടപടിയെ വിമര്‍ച്ചു. 'ഇതാണ് റിപ്പബ്ലിക്കിന്റെ അവസ്ഥ' എന്ന അടിക്കുറിപ്പോടെയാണ് മനോജ് കുമാര്‍ ഝാ വിഡിയോ പങ്കുവെച്ചത്. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും ചീഫ് ജസ്റ്റിസിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ചീഫ് ജസ്റ്റിസിനെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റ്.