ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം പണം ലഭിക്കുന്ന പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6,000 രൂപ നേരിട്ട് നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ഇന്ന് തുടക്കമാവുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലാണ് പ്രധാനമന്ത്രി 75,000 കോടിയുടെ വമ്പന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
അന്നേദിവസംതന്നെ ഒരുകോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ആദ്യഗഡുവായ 2,000 രൂപ നിക്ഷേപിക്കും. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ബാക്കി അപേക്ഷകരുടെ അക്കൗണ്ടുകളിലും പണമെത്തുമെന്നാണ് കേന്ദ്ര കാര്‍ഷികമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.