പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണു നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
ന്യൂഡല്‍ഹി: മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണു നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും, ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനം കോടിക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പബ്ജി, ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. കൂടുതലും ഗെയിമുകളും കാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. ഇന്ത്യയില്‍ 33 ദശലക്ഷത്തോളം പബ്ജി കളിക്കാരുണ്ടെന്നാണ് ഐടി മന്ത്രാലയത്തിന്റെ റിപോര്‍ട്ടുകള്‍.