പുല്‍വാമ ആക്രമണത്തെ 'അപകടം' എന്ന് വിശേഷിപ്പിച്ച് ദിഗ്‌വിജയ് സിങ്
പുല്‍വാമ, ബാലക്കോട്ട് ആക്രമണങ്ങള്‍ക്കുശേഷം കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ദിഗ് വിജയ് സിങ്ങിന്റെ ട്വീറ്റുകള്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി ഏറ്റവും വലിയ നുണയനാണെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തെ 'അപകട'മെന്ന് ട്വിറ്ററില്‍ പരാമര്‍ശിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാന്‍ കൊല്ലപ്പെട്ട ആക്രമണത്തെ 'അപകടം' എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പുല്‍വാമ, ബാലക്കോട്ട് ആക്രമണങ്ങള്‍ക്കുശേഷം കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ദിഗ് വിജയ് സിങ്ങിന്റെ ട്വീറ്റുകള്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി ഏറ്റവും വലിയ നുണയനാണെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തെ 'അപകട'മെന്ന് ട്വിറ്ററില്‍ പരാമര്‍ശിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് രാജ്യാന്തരമാധ്യമങ്ങള്‍ അടക്കം ഉയര്‍ത്തിയ സംശയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദിഗ്‌വിജയ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ആരാണ് നുണ പറയുന്നതെന്നറിയാന്‍ ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം. എന്നാല്‍, വ്യോമാക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്രപേര്‍ കൊല്ലപ്പെട്ടെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കുന്നില്ല. സൈനിക ഫോഴ്‌സുകളില്‍ പൂര്‍ണവിശ്വാസമാണ് തങ്ങള്‍ക്കുള്ളത്. നമ്മളെ സംരക്ഷിക്കാനായി കുടുംബംവിട്ട് ആര്‍മിയിലായിരിക്കുന്ന ഒരുപാട് സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും കണ്ടിട്ടുണ്ട്. എന്തായാലും പുല്‍വാമ 'അപകട'ത്തിനുശേഷം വ്യോമസേന തിരിച്ചടി നല്‍കി. എന്നാല്‍, ചില വിദേശമാധ്യമങ്ങള്‍ അതില്‍ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അത് ഇന്ത്യയിലെ സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരും വ്യോമസേനയും ഉത്തരം നല്‍കണമെന്ന് താന്‍ ആവശ്യപ്പെടുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ എന്നിവര്‍ ബാലക്കോട്ടില്‍ കൊല്ലപ്പെട്ടവരുടെ വ്യത്യസ്ത കണക്കുകളാണ് പറഞ്ഞത്.
300 സായുധര്‍ കൊല്ലപ്പെട്ടെന്നാണ് പ്രധാനമന്ത്രിയും ചില മന്ത്രിമാരും പറയുന്നത്. എന്നാല്‍, 250 പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞപ്പോള്‍, യോഗി ആദിത്യനാഥ് 400 എന്നാണ് പറഞ്ഞത്. ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന്് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ പറയുന്നു. ആരാണ് നുണ പറയുന്നതെന്ന് രാജ്യത്തിന് അറിയണം. ബാലക്കോട്ട് വ്യോമാക്രമണത്തെ മോദിയും മന്ത്രിമാരും അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തിയെന്നും സേനയെ അപമാനിച്ചെന്നും ദിഗ്‌വിജയ് സിങ് കുറ്റപ്പെടുത്തി. അതേസമയം, പുല്‍വാമയിലേത് 'അപകടമെ'ന്ന് വിശേഷിപ്പിച്ച ദിഗ് വിജയ് സിങ്ങിന് മറുപടിയുമായി കേന്ദ്രമന്ത്രി വി കെ സിങ് രംഗത്തെത്തി. ഭീകരാക്രമണം അപകടമെന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയവല്‍ക്കരിക്കുന്നത് രാജ്യത്തിന് ഗുണകരമല്ലെന്നും രാജീവ് ഗാന്ധി വധം അപകടമെന്നാണോ ദിഗ് വിജയ് സിങ് വിശേഷിപ്പിക്കുകയെന്നും വി കെ സിങ് ട്വിറ്ററിലൂടെ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളെല്ലാം രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദു:ഖത്തിനെതിരാണെന്നും സേനയുടെ വിശ്വാസ്യതയെ അവര്‍ ചോദ്യംചെയ്യുകയാണെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു.