ബാലക്കോട്ട് വ്യോമാക്രമണത്തിന് തെളിവ് നല്‍കൂ; പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍
ഉത്തര്‍പ്രദേശിലെ ശ്യാമിലി സ്വദേശി പ്രദീപ് കുമാര്‍, മെയ്ന്‍പുരി സ്വദേശി രാം വകീല്‍ എന്നിവരുടെ ബന്ധുക്കളാണ് ഇത്തരമൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്. ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി നിരവധി സായുധരെ കൊലപ്പെടുത്തുകയും ജയ്‌ശെ മുഹമ്മദിന്റെ പരിശീലന ക്യാംപ് തകര്‍ക്കുകയും ചെയ്‌തെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു.
ലക്‌നൗ: ബാലാക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളും രംഗത്ത്. ഉത്തര്‍പ്രദേശിലെ ശ്യാമിലി സ്വദേശി പ്രദീപ് കുമാര്‍, മെയ്ന്‍പുരി സ്വദേശി രാം വകീല്‍ എന്നിവരുടെ ബന്ധുക്കളാണ് ഇത്തരമൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്. ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി നിരവധി സായുധരെ കൊലപ്പെടുത്തുകയും ജയ്‌ശെ മുഹമ്മദിന്റെ പരിശീലന ക്യാംപ് തകര്‍ക്കുകയും ചെയ്‌തെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, വ്യോമാക്രമണം സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ച് റിപോര്‍ട്ടുകള്‍ പുറത്തുവിട്ടു. കേന്ദ്രസര്‍ക്കാര്‍ ബാലാക്കോട്ട് ആക്രമണം നടന്നതായി സ്ഥാപിക്കാന്‍ ശ്രമിക്കുകയും പ്രതിപക്ഷം വിമര്‍ശനങ്ങളുന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് സൈനികരുടെ ബന്ധുക്കളും ചോദ്യവുമായി രംഗത്തെത്തിയത്. പുല്‍വാമയില്‍ കാണാന്‍ കഴിഞ്ഞതുപോലെയുള്ള തെളിവുകള്‍ അപ്പുറത്തും നമ്മള്‍ ആഗ്രഹിക്കുകയാണ്. ആക്രമണം നടന്നു എന്നതില്‍ സംശയമില്ല. എന്നാല്‍, എവിടെയാണ് ഇത് നടന്നത്. ഇതിന് കൃത്യമായ തെളിവ് ആവശ്യമാണ്. തെളിവില്ലാതെ എങ്ങനെ അംഗീകരിക്കും. പാകിസ്ഥാന്‍ പറയുന്നു തങ്ങളുടെ ഭാഗത്ത് നാശനഷ്ടമുണ്ടായിട്ടില്ലെന്ന്. അപ്പോള്‍ തങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തെളിവില്ലാതെ എങ്ങനെയാണ് വിശ്വസിക്കുന്നതെന്ന് രാം വക്കീലിന്റെ സഹോദരി രാം രക്ഷ ചോദിച്ചു.
തെളിവ് കാണിച്ചാല്‍ മാത്രമേ സഹോദരന്റെ മരണത്തിനു പ്രതികാരം ചെയ്‌തെന്ന് സമാധാനിക്കാന്‍ സാധിക്കുകയുള്ളൂവെന്നും രാം രക്ഷ പറയുന്നു. ഇന്ത്യന്‍ വ്യോമാക്രമണത്തിനു തെളിവ് നല്‍കണമെന്ന് പ്രദീപ് കുമാറിന്റെ 80 വയസുകാരിയായ മാതാവ് ശുലീലതയും ആവശ്യപ്പെട്ടു. തങ്ങള്‍ ഒട്ടും തൃപ്തരല്ല. ഒരുപാട് മക്കള്‍ മരിച്ചു. എന്നാല്‍, മറുഭാഗത്ത് ഒരാള്‍പോലും മരിച്ചതോ അവരുടെ മൃതദേഹമോ കാണാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തപോലുമില്ല. ഭീകരരുടെ മൃതദേഹങ്ങള്‍ കിടക്കുന്നത് ഞങ്ങള്‍ക്ക് ടിവിയില്‍ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.