പഞ്ചാബില്‍ ചരണ്‍ജിത് സിങ് ഛന്നി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരണ്‍ജിത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ലുധിയാനയില്‍ നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തും. നിലവിലെ പഞ്ചാബ് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ് ഛന്നി. പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സി ഉപയോഗിച്ച് പാര്‍ട്ടി നടത്തിയ സര്‍വേയുടെയും അടിസ്ഥാനത്തിലാണ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സാധാരണ തിരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല.
ജനവിധി അനുകൂലമായാല്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ് പതിവ് രീതി. ഇതിനാണ് ഇത്തവണ നേതൃത്വം മാറ്റം വരുത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവുമെന്നതിനെ ചൊല്ലി പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരുന്നു. സിദ്ദുവിനെയും ഛന്നിയെയും ഒരുമിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കേണ്ടതില്ലെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്. സംസ്ഥാനത്തെത്തുന്ന താരപ്രചാരകരുടെ പട്ടികയില്‍നിന്ന് ചില മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രണ്ട് പേരുണ്ടാവുമെന്ന അഭ്യൂഹം ഹൈക്കമാന്‍ഡ് തള്ളുകയാണ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി നാളെ ഒരു പേര് മാത്രമായിരിക്കും പ്രഖ്യാപിക്കുകയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
അഭിപ്രായ സര്‍വേയില്‍ നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നിയാണ് മുന്നിലെങ്കിലും പിസിസി പ്രസിഡന്റ് നവ്‌ജോത് സിങ് സിദ്ദുവിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. അനധികൃത മണല്‍ക്കടത്ത് കേസില്‍ മരുമകന്‍ ഭൂപീന്ദര്‍ എസ് ഹണിയെ ഇഡി അറസ്റ്റ് ചെയ്തത് ഛന്നിക്ക് തിരിച്ചടിയാവുമെന്നും വിലയിരുത്തലുണ്ട്. അഴിമതിക്കാരനായ ആരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ പാര്‍ട്ടിയെ ജനം തള്ളിക്കളയുമെന്ന് ഛന്നിയെ ലക്ഷ്യമിട്ട് സിദ്ദു തന്നെ പരസ്യവിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.
'നിങ്ങള്‍ ധാര്‍മികതയില്ലാത്ത, സത്യസന്ധതയില്ലാത്ത ആരെയെങ്കിലും അഴിമതിയുടെയും മാഫിയയുടെയും ഭാഗമാവുന്ന ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കില്‍, ആളുകള്‍ മാറ്റത്തിനായി വോട്ടുചെയ്യുകയും നിങ്ങളെ കുഴിച്ചുമൂടുകയും ചെയ്യും- എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സിദ്ദു പറഞ്ഞു. ഞങ്ങള്‍ക്ക് ഒരു സത്യസന്ധനായ സ്ഥാനാര്‍ഥിയെ വേണം. നിങ്ങളുടെ വിധി നിങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ വിധി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്.
സ്വയം മാഫിയ സംരക്ഷകനായ ഒരാള്‍, അയാള്‍ക്ക് എങ്ങനെ മാഫിയയെ തകര്‍ക്കാന്‍ കഴിയും? സിദ്ദു ചോദിക്കുന്നു. ഛന്നിക്കെതിരായ അകാലിദള്‍, ആം ആദ്മി പാര്‍ട്ടി ആരോപണങ്ങള്‍ക്ക് പരോക്ഷമായി പിന്തുണ നല്‍കുന്നതാണ് സിദ്ദുവിന്റെ നിലപാട്. കൂടാതെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം തന്നെ ഉയര്‍ത്തിക്കാട്ടാനും സിദ്ദു ശ്രമിച്ചിരുന്നു. നേതൃത്വത്തിനെതിരായ സിദ്ദുവിന്റെ പരസ്യവിമര്‍ശനങ്ങളോട് ഹൈക്കമാന്‍ഡും അതൃപ്തിയിലാണ്.