പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്: മുഴുവന്‍ സീറ്റുകളിലും ബിജെപി തനിച്ച് മല്‍സരിക്കും
അമൃത് സര്‍(പഞ്ചാബ്): കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ ബില്ലുകളില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എന്‍ഡിഎയില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 മണ്ഡലങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി തനിച്ച് മല്‍സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പ്രഖ്യാപിച്ചു. മുഴുവന്‍ സീറ്റുകളിലും തനിച്ച് മല്‍സരിക്കാന്‍ പാര്‍ട്ടിയുടെ സംഘടനാശംഷം ശക്തിപ്പെടുത്തുകയാണ്. ദേശീയ പ്രസിഡന്റ് ജെ പി നദ്ദ നവംബര്‍ 19ന് പാര്‍ട്ടിയുടെ 10 ജില്ലാ ഓഫിസുകള്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയിലെ മൂന്ന് പുതിയ പരിഷ്‌കരണ നിയമങ്ങള്‍ കൊണ്ടുവന്നത് കര്‍ഷകരോഷത്തിനു കാരണമാക്കിയിരുന്നു. പഞ്ചാബില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദലും കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. സംസ്ഥാനത്ത് എസ്എഡിയുമായുള്ള ബിജെപിയുടെ സഖ്യം 1992 മുതല്‍ നിലനില്‍ക്കുന്നതാണ്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍ 94 ഉം ബിജെപി 23 സീറ്റുകളിലുമാണ് മല്‍സരിച്ചിരുന്നത്. 13 ലോക്‌സഭാ സീറ്റുകളില്‍ 10 ല്‍ ശിരോമണി അകാലിദളും
മൂന്നിടത്ത് ബിജെപിയുമാണ് മല്‍സരിക്കാറുള്ളത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നേടി. 10 വര്‍ഷത്തിന് ശേഷമാണ് ശിരോമണി അകാലിദള്‍-ബിജെപി സര്‍ക്കാരിനെ പുറത്താക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്എഡി-ബിജെപി 2 സീറ്റ് വീതം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 8 സീറ്റുകള്‍ ലഭിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനു മറ്റെല്ലാ സംസ്ഥാനത്തും ശക്തമായ തിരിച്ചടി നേരിട്ടപ്പോഴും പഞ്ചാബിലാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
BJP To Contest All 117 Seats In 2022 Punjab Assembly Polls