ഇന്ത്യയുടെ 7 ശതമാനം വളര്‍ച്ചാനിരക്ക് സംശയാസ്പദമെന്ന് രഘുറാം രാജന്‍

തൊഴിലവസരങ്ങള്‍ ഇല്ലാതിരിക്കുകയും ഏഴു ശതമാനം നിരക്കില്‍ വളരുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് മോദി സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ ഏന്നോട് പറഞ്ഞിരുന്നു

Update: 2019-03-27 04:20 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന ഏഴു ശതമാനം നിരക്കില്‍ വളരുന്നുവെന്ന കണക്ക് സംശയാസ്പദമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സാമ്പത്തിക വളര്‍ച്ചാനിരക്കിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ നിഷ്പക്ഷ സമിതിയെ നിയമിക്കണം. തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയാഞ്ഞിട്ടും ഇത്ര തോതില്‍ വളരുന്നുവെന്നത് സംശയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ കണക്കെടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. തൊഴിലവസരങ്ങള്‍ ഇല്ലാതിരിക്കുകയും ഏഴു ശതമാനം നിരക്കില്‍ വളരുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് മോദി സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ ഏന്നോട് പറഞ്ഞിരുന്നു. എന്തു തന്നെയായാലും ഏഴു ശതമാനം വളര്‍ച്ചാ നിരക്കില്ലെന്ന് ഉറപ്പാണ്. ശരിയായ വളര്‍ച്ചാനിരക്ക് ലഭ്യമാക്കാനായി കണക്കുകൂട്ടലുകളില്‍ പുനക്രമീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ജിഡിപി വളര്‍ച്ചാനിരക്കുകള്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് 2018 നവംബറില്‍ പുനക്രമീകരിച്ചിരുന്നു. ഇതോടെ, യുപിഎ കാലത്തെ വളര്‍ച്ച എന്‍ഡിഎ കാലത്തെ ശരാശരി വളര്‍ച്ചയെ അപേക്ഷിച്ച് കുറയുകയായിരുന്നു. കൂടുതല്‍ തൊഴിലസരവങ്ങള്‍ സൃഷ്ടിക്കുന്ന വിശാലാര്‍ഥത്തിലുള്ള വളര്‍ച്ച ആവശ്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു. 2013 സെപ്റ്റംബര്‍ മുതല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ഇപ്പോള്‍ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റാണ്. നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മോദി സര്‍ക്കാരുമായി വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.




Tags:    

Similar News