റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ: ഗൂഗിള്‍ പിന്‍മാറിയാലും സേവനം തുടരുമെന്ന് റെയില്‍ടെല്‍

എ 1, എ, സി കാറ്റഗറിയിലുള്ള 415 സ്റ്റേഷനുകളില്‍ അഞ്ചുവര്‍ഷത്തേക്ക് സൗജന്യ വൈഫൈ സേവനം നല്‍കാനാണ് റെയില്‍ടെല്ലുമായി ഗൂഗിള്‍ കരാറുണ്ടാക്കിയിരുന്നത്. റെയില്‍ടെല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ റാന്‍ (റേഡിയോ അക്‌സസ് നെറ്റ്‌വര്‍ക്ക്) പ്രകാരം ഗൂഗിളായിരുന്നു സേവനം നല്‍കിയിരുന്നത്.

Update: 2020-02-18 18:29 GMT

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിന് മറുപടിയുമായി പൊതുമേഖലാ സ്ഥാപനമായ റെയില്‍ടെല്‍ രംഗത്ത്. ഗൂഗിള്‍ പിന്‍മാറിയാലും തങ്ങള്‍ സേവനം തുടരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ടെല്‍ അറിയിച്ചു. റെയില്‍ടെല്ലുമായി ചേര്‍ന്നാണ് 415 റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം നല്‍കിയിരുന്നത്. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് ആദ്യത്തെ ഗൂഗിള്‍- റെയില്‍വേ സൗജന്യ വൈഫൈ സംവിധാനം ലോഞ്ച് ചെയ്തത്.


 2018 ജൂണ്‍ ആയതോടെ ഈ സംവിധാനം വിജയകരമായി രാജ്യത്തെ 415 സ്റ്റേഷനുകളിലും പൂര്‍ത്തീകരിച്ചു. എ 1, എ, സി കാറ്റഗറിയിലുള്ള 415 സ്റ്റേഷനുകളില്‍ അഞ്ചുവര്‍ഷത്തേക്ക് സൗജന്യ വൈഫൈ സേവനം നല്‍കാനാണ് റെയില്‍ടെല്ലുമായി ഗൂഗിള്‍ കരാറുണ്ടാക്കിയിരുന്നത്. റെയില്‍ടെല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ റാന്‍ (റേഡിയോ അക്‌സസ് നെറ്റ്‌വര്‍ക്ക്) പ്രകാരം ഗൂഗിളായിരുന്നു സേവനം നല്‍കിയിരുന്നത്. മറ്റുള്ള 5190 സ്റ്റേഷനുകളില്‍ മറ്റ് സേവനദാതാക്കളുമായി ചേര്‍ന്ന് വൈഫൈ സംവിധാനം റെയില്‍ടെല്‍ ഒരുക്കുന്നുണ്ട്. ഇപ്പോള്‍ ഗൂഗിള്‍ സേവനം അവസാനിപ്പിക്കുകയാണെങ്കില്‍ തങ്ങളുടെ സേവനം തുടരുമെന്നും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്നും റെയില്‍ടെല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഉപഭോക്താക്കളില്‍ കൂടുതലും മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നതിനാല്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് ഗുണം ചെയ്യുന്നില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. രാജ്യത്തെ മൊബൈല്‍ ഡാറ്റ വളരെയധികം ചെലവുകുറഞ്ഞ സാഹചര്യത്തിലാണ് പദ്ധതി നിര്‍ത്തുന്നത്. ആഗോളതലത്തില്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ മൊബൈല്‍ ഡേറ്റ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. 2019ലെ ട്രായ് റിപോര്‍ട്ടനുസരിച്ച് അഞ്ചുവര്‍ഷത്തിനിടെ ഡാറ്റാനിരക്ക് 95 ശതമാനത്തോളം കുറഞ്ഞു. കൂടുതല്‍ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ സൗകര്യം നിര്‍ത്തുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗില്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്തയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഈ അറിയിപ്പിന് പിന്നാലെയാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് റെയില്‍വേ പുതിയ പ്രഖ്യാപനവുമായി രംഗത്തുവന്നത്. 

Tags:    

Similar News