ട്രെയിനില്‍ ഇനി മസാജും; സേവനമൊരുക്കി ഇന്ത്യന്‍ റെയില്‍വേ

Update: 2019-06-08 14:57 GMT

ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് മസാജിങ് സേവനങ്ങള്‍ നല്‍കി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ റെയില്‍വേ. ഹെഡ്, ഫൂട്ട് (തലയും കാലുകളും) മസാജുകളാണ് ട്രെയിനില്‍ യാത്രക്കാര്‍ക്കായി റെയില്‍വേ ഒരുക്കുന്നത്. ഇന്‍ഡോറില്‍നിന്നും പുറപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട 39 ട്രെയിനുകളിലാണ് റെയില്‍വേ ഈ സേവനം ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.

100 രൂപയാണ് മസാജ് ചെയ്യുന്നതിനായി യാത്രക്കാരില്‍ നിന്നും ഈടാക്കുക. ഇതിനായി 5 ആളുകള്‍ അടങ്ങുന്ന പ്രത്യേക സംഘം തിരഞ്ഞെടുക്കപ്പെട്ട ഓരോ ട്രെയിനിലും ഉണ്ടാകും. രാവിലെ ആറുമണിമുതല്‍ രാത്രി 10 വരെയാണ് ഇവരുടെ സേവനം ലഭ്യമാവുക. ഇവര്‍ക്കായി പ്രത്യേക ഐഡി കാര്‍ഡുകളും റെയില്‍വേ നല്‍കും. ടിക്കറ്റില്‍ നിന്നുമല്ലാതെയുള്ള വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ പുതിയ നടപടി.

വര്‍ഷം തോറും 20 ലക്ഷം രൂപ അധിക വരുമാനം ഇതിലൂടെ ഉണ്ടാകും എന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. സേവനം ടിക്കറ്റ് വരുമാനത്തിലും വര്‍ധനവുണ്ടാക്കും എന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. വെസ്‌റ്റേണ്‍ റെയില്‍വേയിലെ രറ്റ്‌ലം ഡിവിഷനില്‍ നിന്നുമാണ് ന്യു ഇന്നൊവേറ്റിവ് നോണ്‍ ഫെയര്‍ ഐഡിയാസ് സ്‌കീമിന്റെ ഭാഗമായി ഇത്തരം ഒരു പ്രപ്പോസല്‍ ഉണ്ടായത്.


Tags:    

Similar News