'ജോസഫ് വിജയ്' എന്ന് അഭിസംബോധന ചെയ്ത് തമിഴ്‌നാട് രാജ്ഭവന്‍; വിജയ്ക്ക് ഫാഷിസവും പായസവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ലെന്ന് ഡിഎംകെ
ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി അതിക്രമത്തിനിരയായ സംഭവത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ സന്ദര്‍ശിച്ച നടനും ടിവികെ നേതാവുമായ വിജയ്യെ 'ജോസഫ് വിജയ്' എന്ന് അഭിസംബോധന ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട തമിഴ്‌നാട് രാജ്ഭവന്‍. ഗവര്‍ണര്‍ക്കു കൈമാറിയ കത്തില്‍ ഉള്‍പ്പെടെ വിജയ് എന്നു മാത്രമാണ് പേരെന്നിരിക്കെ 'ജോസഫ് വിജയ്' എന്നു പ്രത്യേകം ചേര്‍ത്തതു വഴി രാജ്ഭവന്‍ ഫാഷിസത്തിനു കുടപിടിക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്നും ഡിഎംകെ വിദ്യാര്‍ഥി വിഭാഗം അധ്യക്ഷന്‍ രാജീവ് ഗാന്ധി പരിഹസിച്ചു.
വിജയ്ക്ക് ഫാഷിസവും പായസവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 'സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയിലും അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ അടുത്തിടെയുണ്ടായ ലൈംഗികാതിക്രമത്തിലുമുള്ള പരാതി ടിവികെ അധ്യക്ഷന്‍ സി.ജോസഫ് വിജയ് ഗവര്‍ണറെ കണ്ട് കൈമാറി' എന്നായിരുന്നു രാജ്ഭവന്റെ പോസ്റ്റ്.
ഇതിനിടെ, അണ്ണാ സര്‍വകലാശാല സംഭവത്തിനെതിരെ സമ്മേളനം നടത്താനുള്ള അനുമതി പോലിസ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധത്തിനായി ഒത്തുചേര്‍ന്ന എന്‍ടികെ നേതാവ് സീമാന്‍ അടക്കമുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. കേസില്‍ ദേശീയ വനിതാ കമ്മീഷനും അന്വേഷണം തുടരുകയാണ്.