മായാവതിക്ക് കനത്ത തിരിച്ചടി; രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍
രാജേന്ദ്ര ഗുഡ് (ഉദയ്പൂര്‍വതി), ജോഗേന്ദ്ര സിങ് അവാന (നദ്ബായ്), വാജിബ് അലി, ലഖാന്‍ സിങ് മീന (കരോലി), സന്ദീപ് യാദവ് (തിജാര), ദീപചന്ദ് ഖേരിയ (കിഷന്‍ഗഹ്ബാസ്) എന്നിവരാണ് തിങ്കളാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.
ജയ്പൂര്‍: ബിഎസ്പി അധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടി നല്‍കി രാജസ്ഥാനില്‍ പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജേന്ദ്ര ഗുഡ് (ഉദയ്പൂര്‍വതി), ജോഗേന്ദ്ര സിങ് അവാന (നദ്ബായ്), വാജിബ് അലി, ലഖാന്‍ സിങ് മീന (കരോലി), സന്ദീപ് യാദവ് (തിജാര), ദീപചന്ദ് ഖേരിയ (കിഷന്‍ഗഹ്ബാസ്) എന്നിവരാണ് തിങ്കളാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. മുഖ്യമന്ത്രി അശോക് അശോക് ഗെഹ്‌ലോട്ടുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ സി പി ജോഷിയെ കാണുകയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് കത്ത് നല്‍കുകയുമായിരുന്നു.
സാമുദായികശക്തികള്‍ക്കെതിരേ പോരാടുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിനും സര്‍ക്കാരിന്റെ സ്ഥിരതയ്ക്കുമായി പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ബിഎസ്പി വിട്ടവര്‍ പ്രതികരിച്ചു. അശോക് ഗെഹ്‌ലോട്ട് മികച്ച മുഖ്യമന്ത്രിയാണ്, രാജസ്ഥാനില്‍ അദ്ദേഹത്തേക്കാള്‍ മികച്ചവനാവാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് ഉദയപൂര്‍വതി നിയമസഭാംഗം രാജേന്ദ്ര ഗുഡ് ദേശീയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുറത്തുനിന്ന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് നദ്ബായ് എംഎല്‍എ ജോഗേന്ദ്ര സിങ് അവാന പറഞ്ഞു. നിരവധി വെല്ലുവിളികള്‍ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു. ഒരുവശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനായി ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു, മറുവശത്ത് ഞങ്ങള്‍ യുദ്ധം ചെയ്യുകയായിരുന്നു.
സംസ്ഥാനത്തിന് അനുകൂലമായി ഞങ്ങള്‍ ഇപ്പോള്‍ തീരുമാനമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ആറ് എംഎല്‍എമാരുള്ള ബിഎസ്പിയുടെ പിന്തുണയ്ക്ക് പുറമെ മൊത്തം 13 സ്വതന്ത്ര എംഎല്‍എമാരില്‍ 12 പേരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ 12 സ്വതന്ത്ര എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 112 ആയി ഉയര്‍ന്നിരിക്കുകയാണ്.