രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ അടുത്ത അനുയായി

Update: 2022-05-18 16:02 GMT

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി കോണ്‍ഗ്രസ് എംഎല്‍എ ഗണേഷ് ഗോഗ്ര രാജിവച്ചു. ഭരണകക്ഷിയുടെ എംഎല്‍എ ആയിരുന്നിട്ടും പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഗോഗ്ര പറഞ്ഞു. താന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ നേതൃത്വം ചെവിക്കൊണ്ടില്ലെന്നും സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും അയച്ച രാജിക്കത്തില്‍ ഗോഗ്ര പറയുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് രാജിയുണ്ടായിരിക്കുന്നത്. ദുംഗര്‍പൂര്‍ മണ്ഡലത്തെയാണ് ഗോഗ്രെ പ്രതിനിധീകരിക്കുന്നത്.

സുര്‍പൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഭൂമിയുടെ രേഖകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദുംഗര്‍പൂരില്‍ ജില്ലാ ഭരണകൂടവുമായി തര്‍ക്കമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഗോഗ്രയുടെ രാജി. എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാതിരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രാജിക്കത്ത് നാടകമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഗോഗ്രയുടെ രാജി പാര്‍ട്ടി സ്വീകരിക്കുമോ ഇല്ലയോ എന്നത് കണ്ടറിയണം. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ തുടങ്ങുമ്പോള്‍ പാര്‍ട്ടി ഇത്തരമൊരു രാജി ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് രാജിയില്‍നിന്ന് എംഎല്‍എയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Tags:    

Similar News