രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് ഒരുമാസത്തെ പരോള്‍

രോഗബാധിതനായ പിതാവിനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ അധികൃതര്‍ പരോളിന് അനുമതി നല്‍കിയത്.

Update: 2019-11-08 01:05 GMT

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ പ്രതി എ ജി പേരറിവാളന് ഒരുമാസത്തെ പരോള്‍ അനുവദിച്ചു. രോഗബാധിതനായ പിതാവിനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ അധികൃതര്‍ പരോളിന് അനുമതി നല്‍കിയത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളന് 2017 ആഗസ്തില്‍ ഒരുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു. 76കാരനായ പിതാവ് ജ്ഞാനശേഖരനെ പരിചരിക്കുന്നതിന് 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

നേരത്തെ പരോള്‍ അനുവദിച്ചതും പിതാവിനെ പരിചരിക്കുന്നതിനായിരുന്നു. ജയിലില്‍നിന്ന് പുറത്തുപോവുന്ന ദിവസം മുതല്‍ 30 ദിവസം പരോളായി കണക്കാക്കുമെന്ന് തമിഴ്‌നാട് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുറത്തിറങ്ങിയാല്‍ സമാധാനം നിലനിര്‍ത്തിക്കൊള്ളാമെന്ന ബോണ്ടിന്റെ അടിസ്ഥാനത്തിലാവും പെരറിവാളന്‍ ജയില്‍ മോചിതനാവുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1991 മെയിലാണ് രാജീവ് ഗാന്ധിയും മറ്റ് 14 പേരും തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്പത്തൂരില്‍ വച്ച് കൊല്ലപ്പെടുന്നത്. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴുപേരാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്.

നേരത്തെ പ്രതികളിലൊരാളായ റോബര്‍ട്ട് പയസ് പരോള്‍ അഭ്യര്‍ഥിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ 30 ദിവത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു റോബര്‍ട്ട് പയസിന്റെ ആവശ്യം. രാജീവ്ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതി നളിനിക്ക് നേരത്തെ 51 ദിവസത്തെ പരോളും കോടതി അനുവദിച്ചിരുന്നു. 

Tags:    

Similar News