നാവികസേനയ്ക്ക് കരുത്തേകാന്‍ ഐഎന്‍എസ് വിശാഖപട്ടണം രാജ്യത്തിന് സമര്‍പ്പിച്ചു

Update: 2021-11-21 09:27 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധകപ്പല്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവികസേനാ ആസ്ഥാനത്തായിരുന്നു ചടങ്ങ്. ആത്മ നിര്‍ഭര്‍ ഭാരതിനുള്ള ഉത്തരമാണ് ഐഎന്‍എസ് വിശാഖപട്ടണമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ചൈനയെ പേര് പറയാതെ പ്രതിരോധമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ചില ഉത്തരവാദിത്തമില്ലാത്ത രാജ്യങ്ങള്‍ അവരുടെ ഇടുങ്ങിയ താല്‍പര്യങ്ങളും ആധിപത്യപ്രവണതകളും കൊണ്ട് കടല്‍ നിയമം സംബന്ധിച്ച യുഎന്‍ കണ്‍വന്‍ഷന്റെ നിര്‍വചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇന്തോ- പസഫിക് ഒരു പ്രധാന പാതയാണ്.

ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് പ്രധാനവുമാണ്. ഈ മേഖലയിലെ സമാധാനവും സുരക്ഷിതത്വവും ഇന്ത്യന്‍ നേവിയുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും സമാധാനം ഇല്ലാതാക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ലോകം മുഴുവന്‍ വരും വര്‍ഷങ്ങളില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുകയാണ്. പ്രതിരോധ ബജറ്റിലെ ചെലവ് വര്‍ധിക്കും.

ഇന്ത്യന്‍ നേവി ഓര്‍ഡര്‍ ചെയ്ത 41 കപ്പലുകളില്‍ 38 കപ്പലുകളും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് സ്വദേശിവല്‍ക്കരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 ല്‍ തുടങ്ങിയ പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് വിശാഖപട്ടണം. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാന്‍ കഴിവുള്ള മിസൈല്‍ വേധ കപ്പലാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്‌ട്രോയര്‍ വിഭാഗത്തില്‍പ്പെട്ട കപ്പലുകളില്‍ ഏറ്റവും വലുതാണ് ഐഎന്‍എസ് വിശാഖപട്ടണം.

163 മീറ്റര്‍ നീളവും 7,000 ടണ്‍ ഭാരമുള്ള കപ്പലില്‍ ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകള വഹിക്കാനുമാവും. രാസ, ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐഎന്‍എസ് വിശാഖ പട്ടണം പ്രവര്‍ത്തിക്കും. 2018ല്‍ കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വൈകുകയായിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ അഗ്‌നിബാധയില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മോര്‍മുഗാവോ, ഇംഫാല്‍, സൂറത്ത് എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് മൂന്ന് കപ്പലുകള്‍. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു.

Tags:    

Similar News