മുംബൈ: ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആര്‍ബിഐ കേന്ദ്രസര്‍ക്കാരിന് ഇടക്കാല ലാഭവിഹിതം നല്‍കുന്നത്. ഫെബ്രുവരിയില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ 2018 ആഗസ്തില്‍ 40,000 കോടി രൂപ ലാഭവിഹിതമായി ആര്‍ബിഐ സര്‍ക്കാരിനു നല്‍കിയതായി അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ലഭിക്കുന്ന 28,000 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കും. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായുണ്ടായ തര്‍ക്കമാണ് മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിക്കു കാരണമായത്. പിന്നീട് മോദിയുടെ ഇഷ്ടക്കാരനായ ശക്തികാന്ത് ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിക്കുകയായിരുന്നു.