കണ്ണടയ്ക്കല്ലേ മോനേ എന്ന് ധൈര്യം പകര്‍ന്ന് അമ്മ; കുഴല്‍ക്കിണറിലെ കുഞ്ഞിനെ രക്ഷിക്കാന്‍ സമാന്തരം തുരങ്കം നിര്‍മിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍

Update: 2019-10-27 06:34 GMT

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരവേ പ്രതിസന്ധിയിലും തളരാതെ അമ്മ കലൈറാണി. കുഴല്‍ക്കിണറില്‍ ഉള്ള മകന്‍ സുജിത്തിന് ധൈര്യം പകര്‍ന്നും രക്ഷാപ്രവര്‍ത്തകര്‍ക്കാവശ്യമായ സഹായം ചെയ്തും അവര്‍ കൂടെയുണ്ട്. കുഞ്ഞിനോട് കണ്ണടയ്ക്കല്ലേ, തളരല്ലേ എന്ന് ഒരു മൈക്കെടുത്ത് തുരങ്കത്തിലൂടെ അമ്മയും അച്ഛനും തുടര്‍ച്ചയായി വിളിച്ചു പറയുകയാണ്. കുഞ്ഞിനോട് സംസാരിക്കുമ്പോള്‍, ധൈര്യം കൈവിടുന്നില്ല കലൈ റാണിയെന്ന അമ്മ.

കുഞ്ഞിനെ തുരങ്കത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ഒരു തുണിസഞ്ചി കിട്ടിയാല്‍ നന്നായിരുന്നുവെന്ന് ഒരു രക്ഷാപ്രവര്‍ത്തകന്‍ പറയുന്നു. പുലര്‍ച്ചെ തുണിസഞ്ചി തുന്നാന്‍ ആരുണ്ട്? ഞാനുണ്ട്, കലൈറാണി പറഞ്ഞു. ഇതിനെല്ലാമിടയിലും അവര്‍ സ്വന്തം തുന്നല്‍ മെഷീന് മുന്നിലിരുന്ന് വെളുത്ത തുണി വെട്ടിത്തുന്നി, കുഞ്ഞ് സഞ്ചിയുണ്ടാക്കാന്‍.

സമാന്തര തുരങ്കം നിര്‍മിക്കുന്നു

രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം രണ്ട് ദിവസം പിന്നിടുമ്പോള്‍ കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തര തുരങ്കം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ദുരന്തനിവാരണ സേന. ഒഎന്‍ജിസിയില്‍ നിന്ന് എത്തിച്ച റിഗ് റിങ് മെഷീന്‍ ഉപയോഗിച്ചാണ് കുഴി എടുക്കുന്നത്. എന്നാല്‍, കുഴിയെടുക്കുന്ന സ്ഥലത്തെ പാറക്കല്ലുകള്‍ പണിയുടെ വേഗത കുറച്ചു. 90 അടി താഴെയാണ് ഇപ്പോള്‍ കുട്ടിയുള്ളത്. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.



ഇന്നലെ രാത്രിയോടെ കുട്ടി കുഴല്‍ക്കിണറിന്റെ കൂടുതല്‍ താഴ്ച്ചയിലേക്കു ഊര്‍ന്നു പോയതും പ്രതിസന്ധി വര്‍ധിപ്പിച്ചിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച നാടുക്കാട്ടുപ്പട്ടിയിലെ വീടിനു സമീപം കളിക്കവേയാണ് 600 അടി താഴ്ച്ച ഉള്ള ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറിലേക്കു കുട്ടി വീണത്. ആദ്യം 35 അടി താഴ്ച്ചയില്‍ കുടുങ്ങി നിന്ന കുട്ടി ഇന്നലെ രാത്രിയോടെ 90 അടിയിലേക്കു പോയി.

കുഴിയിലേക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ നല്‍കുന്നുണ്ട്. തുടക്കത്തില്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ശബ്ദമൊന്നും പുറത്തുവരുന്നില്ല. എന്നാല്‍, കുഞ്ഞ് ഇപ്പോഴും ശ്വസിക്കുന്നുണ്ടെന്നാണു കരുതുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സമാന്തര തുരങ്കം വിജയം കണ്ടില്ലെങ്കില്‍ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. വാക്വം സിസ്റ്റം ഉപയോഗിച്ച്, കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍.

പുലര്‍ച്ചെ ആറ് മണി മുതല്‍ സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിങ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എട്ട് മണിയായിട്ടും 30 അടി താഴ്ചയിലെത്തിയിട്ടേയുള്ളൂ. പതുക്കെയെങ്കിലും ഉച്ചയോടെ കുഞ്ഞിനടുത്ത് എത്താനാകുമെന്നാണ് രക്ഷാദൗത്യ സംഘത്തിന്റെ പ്രതീക്ഷ.

അതേ സമയം, രണ്ടര വയസുകാരന്റെ രക്ഷയ്ക്കായി തമിഴ്‌നാട് മുഴുവന്‍ പ്രാര്‍ഥനയിലാണ്. ക്ഷേത്രങ്ങളിലും മറ്റും വഴിപാടുകളുമായി നിരവധി പേര്‍ എത്തി. 

Tags:    

Similar News