നീറ്റ് പി ജി കൗണ്‍സിലിങ് വൈകുന്നതിനെതിരേ ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം ശക്തം; മെഡിക്കല്‍ ബന്ദിന് ആഹ്വാനം
ഒമിക്രോണ്‍ വ്യാപിക്കുന്നതിനാല്‍ നീറ്റ് പിജി കൗണ്‍സിലിഗ് വൈകുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു
ഡല്‍ഹി: നീറ്റ് പി ജി കൗണ്‍സിലിങ് വൈകുന്നതിനെതിരേ ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതില്‍ പ്രതിഷേധം ശക്തമാകുന്നു. സമരം നടത്തിയവരെ പോലിസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തു.
മാര്‍ച്ച് സരോജിനി നഗര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ തടഞ്ഞതോടെ ഡോക്ടര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി .ഇന്ന് രാവിലെ എംയിസ് ഉള്‍പെടെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരുമായി യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. ഒമിക്രോണ്‍ വ്യാപിക്കുന്നതിനാല്‍ നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആരോഗ്യ മന്ത്രാലയത്തിന് പുറത്ത് 9 ദിവസമായി തുടരുന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയത്. ഇന്നലെ ഐ ടി ഒയില്‍ നിന്ന് സുപ്രിംകോടതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതേ തുടര്‍ന്നാണ് രാത്രി മന്ത്രിയുടെ വസതിയിലേക്ക് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് മാര്‍ച്ച് നടത്തിയത്.സുപ്രിംകോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയത്തില്‍ ഇപ്പോള്‍ തീരുമാനം എടുക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്രം.