തന്നെ സ്ഥാനാര്‍ഥി ആക്കിയില്ലെങ്കില്‍ ഫലം അത്ര നല്ലതായിരിക്കില്ലെന്ന് സാക്ഷി മഹാരാജിന്റെ ഭീഷണി

2014ലെ തിരഞ്ഞെടുപ്പില്‍ താന്‍ വന്‍വിജയം നേടിയ കാര്യം ഓര്‍മിപ്പിച്ച് കൊണ്ട് സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് കഴിഞ്ഞ ദിവസം സാക്ഷി മഹാരാജ് കത്തയച്ചിരുന്നു. കത്ത് ചോര്‍ന്നതിന് പിന്നാലെയാണ് സാക്ഷി മഹാരാജിന്റെ പ്രതികരണം.

Update: 2019-03-13 15:56 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ സീറ്റിന് വേണ്ടി കടിപിടി തുടങ്ങി. തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ഫലം അത്ര നല്ലതായിരിക്കില്ലെന്ന ഭീഷണിയുമായി മുതിര്‍ന്ന ബിജെപി നേതാവും ഉന്നാവോ മണ്ഡലത്തിലെ എംപിയുമായ സാക്ഷി മഹാരാജ് രംഗത്തെത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ താന്‍ വന്‍വിജയം നേടിയ കാര്യം ഓര്‍മിപ്പിച്ച് കൊണ്ട് സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് കഴിഞ്ഞ ദിവസം സാക്ഷി മഹാരാജ് കത്തയച്ചിരുന്നു. കത്ത് ചോര്‍ന്നതിന് പിന്നാലെയാണ് സാക്ഷി മഹാരാജിന്റെ പ്രതികരണം.

തനിക്ക് ടിക്കറ്റ് ഉറപ്പാണെന്ന് കരുതുന്നതായി സാക്ഷി മഹാരാജ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എന്നാല്‍ തന്റെ കാര്യത്തില്‍ പാര്‍ട്ടി മറ്റു തീരുമാനമെടുത്താല്‍ സംസ്ഥാനത്തെ ജനവികാരം വ്രണപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലം അത്ര നല്ലതായിരിക്കില്ലെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.

തന്റെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതില്‍ അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു. 2014ല്‍ താന്‍ 3.15 ലക്ഷം വോട്ടിന് ജയിച്ച കാര്യമാണ് അദ്ദേഹം കത്തില്‍ ഓര്‍മിപ്പിച്ചിരുന്നത്.

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. എന്‍ഡിഎ സഖ്യത്തിലെ ചെറുകക്ഷികളും സംസ്ഥാനത്ത് വിമത സ്വരവുമായി രംഗത്തുണ്ട്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, അപ്‌നാ ദള്‍ എന്നിവ എന്‍ഡിഎയുമായി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിട്ടുണ്ട്.

വിവാദ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ സാക്ഷി മാഹാരാജ് സംസ്ഥാനത്ത് ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനാണ്. 

Tags:    

Similar News