പ്രതിഷേധിക്കാനുള്ള അവകാശം എല്ലായ്‌പ്പോഴും അനുവദിക്കാനാവില്ല; ശാഹീന്‍ബാഗ് സമരക്കാരുടെ ഹരജി തള്ളി സുപ്രിംകോടതി
പ്രതിഷേധിക്കാനുള്ള അവകാശം എല്ലായ്‌പ്പോഴും എവിടെയും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ശാഹീന്‍ബാഗ് സമരക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്. പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങള്‍ വിനിയോഗിക്കുന്നതില്‍ ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും എല്ലായിടത്തും നടത്താനുള്ളതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശാഹീന്‍ബാഗില്‍ നടക്കുന്ന സമരം നിയമവിരുദ്ധമാണെന്ന വിധിക്കെതിരേ സമരക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലായ്‌പ്പോഴും എവിടെയും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ശാഹീന്‍ബാഗ് സമരക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്. പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങള്‍ വിനിയോഗിക്കുന്നതില്‍ ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും എല്ലായിടത്തും നടത്താനുള്ളതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് 2019 മുതല്‍ ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ സമരം ചെയ്ത 12 ഓളം പേരാണ് സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കിയത്. പ്രതിഷേധിക്കാനുള്ള അവകാശം എപ്പോള്‍ വേണമെങ്കിലും എല്ലായിടത്തുമുണ്ടാവരുത്. ചില സ്വതസിദ്ധമായ പ്രതിഷേധങ്ങളുണ്ടാവാം. പക്ഷേ, ദീര്‍ഘകാലത്തേയ്ക്കുള്ള വിയോജിപ്പും പ്രതിഷേധവും മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലാവരുത്. പൊതുസ്ഥലം സ്ഥിരമായി കൈയടക്കാന്‍ കഴിയില്ല- ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എസ് കെ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുറാരി എന്നിവര്‍ പറഞ്ഞു. ഫെബ്രുവരി 9 നാണ് ഹരജി പരിഗണിക്കാന്‍ തീരുമാനിച്ചതെങ്കിലും ഇന്നലെ രാത്രിയാണ് ഉത്തരവ് വന്നത്.
പ്രതിഷേധത്തിനായി പൊതുസ്ഥലങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിയില്ലെന്നും പൊതുപ്രതിഷേധം 'നിയുക്ത പ്രദേശങ്ങളില്‍ മാത്രം' ആയിരിക്കണമെന്നും മൂന്നംഗ ബെഞ്ച് ആവര്‍ത്തിച്ചു. 'വിയോജിപ്പും ജനാധിപത്യവും കൈകോര്‍ത്തുപോവുന്നു. ഇതുപോലുള്ള പ്രതിഷേധങ്ങള്‍ സ്വീകാര്യമല്ല' എന്നായിരുന്നു 2020 ഒക്ടോബറിലെ വിധിന്യായത്തില്‍ സുപ്രിംകോടതി നിരീക്ഷിച്ചത്. ഡല്‍ഹിയിലെ ശാഹീന്‍ ബാഗാണ് 2019 ലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരുന്നത്. മൂന്ന് മാസത്തിലേറെ കൊടുംതണുപ്പിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും പ്രതിഷേധത്തില്‍ അണിനിരന്നിരുന്നത്. ശാഹീന്‍ ബാഗ് പ്രതിഷേധം ലോകമെമ്പാടും ശ്രദ്ധപിടിച്ചുപറ്റുകയും പലയിടങ്ങളിലും ശാഹീന്‍ബാഗ് മോഡല്‍ സമരങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. കേന്ദ്രസര്‍ക്കാരിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സമരത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയും വിധി സമ്പാദിക്കുകയും ചെയ്തത്.