ആക്ടിവിസ്റ്റ് സാകേത് ഗോഖലെയ്ക്ക് ആര്‍എസ്എസ് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടിന് മുന്നിലെത്തി 'ജയ് ശ്രീറാം' മുഴക്കി

തന്നെയും മാതാവിനെയും ആര്‍എസ്എസ് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ട്വിറ്ററിലൂടെയാണ് സാകേത് പങ്കുവച്ചത്. സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെയും താനെ റൂറല്‍ പോലിസിന്റെയും അടിയന്തരസഹായമുണ്ടാവണമെന്നും ട്വീറ്റില്‍ അഭ്യര്‍ഥിച്ചിരുന്നു.

Update: 2020-07-24 17:51 GMT

മുംബൈ: പ്രമുഖ വിവരാവകാശപ്രവര്‍ത്തകനും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ സാകേത് ഗോഖലെയ്ക്കും മാതാവിനുമെതിരേ ആര്‍എസ്എസ്സിന്റെ ഭീഷണി. ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മഹാരാഷ്ട്ര താനെയിലുള്ള സാകേതിന്റെ വസതിക്ക് മുന്നിലെത്തി 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച് ആക്രോശിച്ചു. തന്നെയും മാതാവിനെയും ആര്‍എസ്എസ് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ട്വിറ്ററിലൂടെയാണ് സാകേത് പങ്കുവച്ചത്. സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെയും താനെ റൂറല്‍ പോലിസിന്റെയും അടിയന്തരസഹായമുണ്ടാവണമെന്നും ട്വീറ്റില്‍ അഭ്യര്‍ഥിച്ചിരുന്നു. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തരമന്ത്രി വിഷയത്തില്‍ ഇടപെട്ടതായി സാകേത് അറിയിച്ചു.

അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും സാകേത് അറിയിച്ചു. ഇന്ന് വിളിച്ച മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ഫോണ്‍ നമ്പറുകള്‍ പോലിസ് അന്വേഷിച്ചതായും താനെ പോലിസ് സുരക്ഷ ഒരുക്കാമെന്ന് അറിയിച്ചതായും സാകേത് ഗോഖലെ പറഞ്ഞു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സാകേത് ഗോഖലെ നല്‍കിയ അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ്സിന്റെ ഭീഷണിയുണ്ടായത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്ന് 138 ഭീഷണി കോളുകളാണ് വന്നതെന്ന് സാകേത് വ്യക്തമാക്കി.

അയോധ്യയിലെ ഭൂമി പൂജ 'അണ്‍ലോക്ക് 2.0' മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നായിരുന്നു സാകേത് ഗോഖലെ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ആഗസ്ത് 5ന് നടക്കുന്ന ചടങ്ങില്‍ 300 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. ഇത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങളുടെ ലംഘനത്തിന് കാരണമാവും. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഭൂമിപൂജ നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കഴിയില്ലെന്നും സാകേത് ഗോഖലെ ഹരജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇപ്പോഴുണ്ടായ ആക്രമണം രാമക്ഷേത്രവുമായി ബന്ധപ്പെട്ടതല്ല, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപി നുഴഞ്ഞുകയറുന്നത് താന്‍ തുറന്നുകാട്ടിയതിന്റെ പേരിലാണ്.

2019ല്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷന്റെ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് ബിജെപി ഐടി സെല്ലുമായി ബന്ധമുള്ള സ്ഥാപനത്തെയാണ് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചത്. ഇത് ഞെട്ടിക്കുന്ന കാര്യമല്ല. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗ്രഹിക്കുന്നു. ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഭരണകക്ഷിയായി പ്രവര്‍ത്തിച്ചുവെന്നും ഗോഖലെ കൂട്ടിച്ചേര്‍ത്തു. ഗോഖാലെയുടെ ട്വീറ്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിഇഒ മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് വിശദമായ റിപോര്‍ട്ട് തേടിയിരിക്കുകയാണ്.

ബിജെപി എത്ര രാഷ്ട്രീയം കളിച്ചാലും മോദി മാധ്യമങ്ങള്‍ എന്ത് പ്രചാരണം നടത്തിയാലും സംഘപരിവറില്‍നിന്ന് എത്ര ഭീഷണികള്‍ വന്നാലും ഒരിക്കലും താന്‍ ഹിന്ദുത്വത്തിന് കീഴടങ്ങില്ലെന്ന് ഗോഖലെ വ്യക്തമാക്കി. ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനുംവേണ്ടി പോരാടുകയും മരിക്കുകയും ചെയ്യേണ്ടതാണ്. ചെയ്യുന്ന ജോലി ഞാന്‍ തുടരും- ഹിന്ദുത്വസംഘടനകളില്‍നിന്ന് ഭീഷണികളുണ്ടായശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

Tags:    

Similar News