ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് സെര്‍ജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രെയ്‌നിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ നേതാവാണ് ലാവ്‌റോവ്. വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ യുക്രെയ്‌നില്‍ സൈനിക നീക്കം ആരംഭിച്ചതിനെതിരേ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ഇന്ത്യ റഷ്യക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയില്‍ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായുണ്ടായ നയതന്ത്രപരമായ പ്രശ്‌നങ്ങള്‍, റഷ്യന്‍ എണ്ണ വാങ്ങല്‍, പേയ്‌മെന്റ് സംവിധാനം, റഷ്യന്‍ ബാങ്കുകള്‍ക്കെതിരായ ഉപരോധം, സ്വിഫ്റ്റില്‍ നിന്നുള്ള ഒഴിവാക്കല്‍, സൈനിക ഹാര്‍ഡ് വെയര്‍ വിതരണത്തില്‍ സാധ്യമായ തടസ്സങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകള്‍ നടക്കും. രണ്ടുദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് ശേഷമാണ് ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ലാവ്‌റോവിന്റെ സന്ദര്‍ശനം. ഐക്യരാഷ്ട്ര സഭയില്‍ ഇതുവരെ റഷ്യയെ വിമര്‍ശിക്കുന്ന പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യ ചെയ്തത്. സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും റഷ്യയെയും യുക്രെയ്‌നെയും അറിയിച്ചിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഏപ്രില്‍ 11ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായിട്ടാണ് ലാവ്‌റോവിന്റെ ഇന്ത്യാ സന്ദര്‍ശനം. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുക്രെയ്‌നില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്ത് തിരികെയെത്തിക്കാന്‍ റഷ്യ നല്‍കിയ സഹായത്തെകുറിച്ചും ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. യുദ്ധത്തിന്റെ ഫലമായുണ്ടായ തന്ത്രപരമായ പ്രശ്‌നങ്ങള്‍, റഷ്യന്‍ എണ്ണ വാങ്ങല്‍, പേയ്‌മെന്റ് സംവിധാനങ്ങള്‍, റഷ്യന്‍ ബാങ്കുകള്‍ക്കെതിരായ ഉപരോധം, സ്വിഫ്റ്റില്‍ നിന്ന് ഒഴിവാക്കല്‍, സൈനിക ഉപകരണ വിതരണത്തിലെ തടസ്സങ്ങള്‍ എന്നിവയെക്കുറിച്ച് ലാവ്‌റോവിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചകളുണ്ടാവുമെന്നാണ് കരുതുന്നത്.
പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ യുക്രെയ്‌നെതിരേ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷമുളള ഒരു മുതിര്‍ന്ന റഷ്യന്‍ പ്രതിനിധിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. കഴിഞ്ഞയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ സന്ദര്‍ശനം. യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള വിപുലമായ നയതന്ത്ര മുന്നേറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്സും വ്യാഴാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കൂടാതെ പ്രതിരോധം, വ്യാപാരം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത സന്ദര്‍ശനം അടിവരയിടുന്നു- ട്രസ് പ്രസ്താവനയില്‍ പറഞ്ഞു.