മതസൗഹാര്‍ദ്ദം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യം; സോപ്പുപൊടി ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാരം

പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ഫ് എക്‌സലിന്റെ എല്ലാ ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നാണ് ഭീഷണി

Update: 2019-03-10 09:19 GMT

Full View

ന്യൂഡല്‍ഹി: മതസൗഹാര്‍ദ്ദം പ്രോല്‍സാഹിപ്പിക്കുന്ന വിധത്തിലുള്ള പരസ്യം പുറത്തിറക്കിയതോടെ സോപ്പുപൊടി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാരം രംഗത്ത്. സര്‍ഫ് എക്‌സലിന്റെ പുതിയ പരസ്യത്തിനെതിരേയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബോയ്‌ക്കോട്ട് സര്‍ഫ് എക്‌സല്‍ എന്ന ഹാഷ്ടാഗില്‍ കാംപയിന്‍ നടക്കുന്നത്. എന്നാല്‍, സംഘപരിവാര നീക്കം തിരിച്ചറിഞ്ഞ് സര്‍ഫ് എക്‌സലിന്റെ പരസ്യം വന്‍തോതില്‍ സൈബര്‍ ലോകത്ത് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഹോളി ആഘോഷത്തിനിടെ ഏതാനും കുട്ടികള്‍ വസ്ത്രത്തിലേക്ക് ഛായം എറിയുന്നതില്‍ നിന്നു രക്ഷിച്ച്, നമസ്‌കരിക്കാന്‍ പോവുന്ന മുസ്‌ലിം ആണ്‍കുട്ടിയെ ഹിന്ദു പെണ്‍കുട്ടി സൈക്കിളില്‍ പള്ളിയിലെത്തിക്കുന്നതാണു പരസ്യം. ബക്കറ്റ് നിറയെ ഛായക്കൂട്ടുമായി കാത്തിരിക്കുന്ന കുട്ടികളെ കണ്ട ഹിന്ദു പെണ്‍കുട്ടി അവരുടെ മുന്നില്‍ പോയി നിന്ന് തന്റെ വസ്ത്രത്തിലേക്ക് നിറക്കൂട്ടുകള്‍ എറിയാന്‍ പ്രേരിപ്പിക്കുകയാണ്. ബക്കറ്റിലുള്ള ഛായം മുഴുവനും തീര്‍ന്നെന്ന്ഉറപ്പാക്കിയ ശേഷം പെണ്‍കുട്ടി, വെളുത്ത കൂര്‍ത്തയും പൈജാമയും അണിഞ്ഞ മുസ്‌ലിം സുഹൃത്തിനെ സൈക്കിളില്‍ കയറ്റി കൊണ്ടുപോവുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു പോവുന്ന കുട്ടിയെ സുരക്ഷിതമാക്കുകയായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യം. എന്നാല്‍, പെണ്‍കുട്ടിക്കുമേല്‍ ഛായം എറിഞ്ഞവരില്‍ ഒരു കുട്ടിയുടെ കൈയില്‍ അല്‍പം ബാക്കിയുണ്ടായിരുന്നു. മുസ്‌ലിം സുഹൃത്തുമായി പെണ്‍കുട്ടി പോവുന്നതിനിടെ ബാക്കിയുള്ള ഛായം എറിയാന്‍ ശ്രമിക്കുന്ന കുട്ടിയെ മറ്റു കുട്ടികള്‍ തടയുന്നു. വസ്ത്രത്തില്‍ പൂര്‍ണമായും നിറങ്ങളില്‍ കുളിച്ച പെണ്‍കുട്ടി, പള്ളി കവാടത്തില്‍ എത്തിച്ചപ്പോള്‍ 'ഞാന്‍ നമസ്‌കരിച്ചശേഷം വേഗം വരാം' എന്നു ആണ്‍കുട്ടി പറയുകയും 'നമുക്ക് ചായത്തില്‍ കളിക്കാലോ'യെന്ന് മറുപടി പറയുകയും ചെയ്ത് പെണ്‍കുട്ടി സൈക്കിളില്‍ മടങ്ങുന്നതാണ് പരസ്യം. ഇതിനെതിരേയാണ് സംഘപരിവാരം സാമൂഹിക മാധ്യമങ്ങളിലൂടെ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയത്.

    


പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ഫ് എക്‌സലിന്റെ എല്ലാ ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നാണ് ഭീഷണി.Awakening INDIA 👍 Awakening HINDU 👍 #BoycottSurfExcel #bycottSurfExcel #BoycottHindustanUnilever @ippatel #SurfExcel എന്നു പറഞ്ഞ് ഹിന്ദുസ്ഥാന്‍ ലിവറിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. മാത്രമല്ല, വിദ്വേഷം ജനിപ്പിക്കുന്ന വിവിധ തരത്തിലുള്ള പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ട്.ഫെബ്രുവരി 27നു സര്‍ഫ് എക്‌സലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പരസ്യം 78 ലക്ഷത്തിലേറെ പേര്‍ കണ്ടിട്ടുണ്ട്. 7000ത്തിലേറെ പേര്‍ പരസ്യത്തിനു ലൈക്ക് ചെയ്തപ്പോള്‍ 8500ലേറെ പേര്‍ ഡിസ്‌ലൈക്ക് ചെയ്തു. പലരും പരസ്യത്തെ അനുകൂലിച്ച് കമ്മന്റിട്ടപ്പോള്‍ ചില സംഘപരിവാര അക്കൗണ്ടുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്.




Tags:    

Similar News