രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച; കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ രാഷ്ട്രപതി ക്ഷണിക്കും. സത്യപ്രതിജ്ഞയെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ഇന്നുചേരും.
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതിനുമുന്നോടിയായി ഇന്ന് ചേരുന്ന അവസാന കേന്ദ്രമന്ത്രിസഭായോഗത്തില്‍ നിലവിലെ മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ രാഷ്ട്രപതി ക്ഷണിക്കും.
സത്യപ്രതിജ്ഞയെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ഇന്നുചേരും. രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ മോദിയും അമിത്ഷായുമായിരിക്കും തീരുമാനമെടുക്കുക. ഘടകകക്ഷികളുമായും ഇതുസംബന്ധിച്ച് ധാരണയിലെത്താനുള്ള ശ്രമങ്ങളും ബിജെപി കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയാവുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചേക്കുമെന്നാണ് സൂചന.
പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനല്‍കേണ്ടത്. ലോക്‌സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാവേണ്ടത്. കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാല്‍ കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാവാന്‍ സാധ്യതയേറെയാണ്. അങ്ങനെയായാല്‍ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാവും.