അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിച്ച് വഖ്ഫ് നിയമ ഭേദഗതി ബില്ല്

Update: 2024-08-07 14:25 GMT

ന്യൂഡല്‍ഹി: നിലവിലെ വഖ്ഫ് നിയമങ്ങളില്‍ സാരമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വഖ്ഫ് നിയമ ഭേദഗതി ബില്ല് ഒരുങ്ങുന്നു. മുസ്‌ലിം സ്ത്രീകള്‍ക്കും അമുസ്‌ലിംകള്‍ക്കും വഖ്ഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് പുതിയ ബില്ലിലുണ്ടാവുക. പേരിലടക്കം മാറ്റം വരുത്തിയാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നത്. 1995 ലെ വഖ്ഫ് ആക്റ്റ്, ഇനി മുതല്‍ ഏകീകൃത വഖ്ഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്റ് ഡവലപ്‌മെന്റ് ആക്റ്റ്, 1995 എ പേരിലായിരിക്കും അറിയപ്പെടുക. ഒരു വസ്തു വഖ്ഫ് വസ്തു ആണെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് വഖ്ഫ് ബോര്‍ഡില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ പ്രതിപാദിക്കുന്ന സെക്ഷന്‍ 40 പുതിയ ബില്ലില്‍ ഒഴിവാക്കുമെന്നാണ് അറിയുന്നത്. കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലും മുസ്‌ലിം വനിതകളുടെയും അമുസ്‌ലിംകളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിലായിരിക്കും ഘടന. ബോറകള്‍ക്കും പ്രത്യേക ശിയാ വിഭാഗമായ ആഗാഖാനികള്‍ക്കും പ്രത്യേകം വഖ്ഫ് ബോര്‍ഡും നിര്‍ദേശത്തിലുണ്ട്. ശിയാക്കള്‍, സുന്നികള്‍, ബോറകള്‍, ആഗാഖാനികള്‍, മുസ്‌ലിം സമുദായത്തിലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് കരട് നിയമം. 2013ലാണ് വഖ്ഫ് നിയമം അവസാനമായി ഭേദഗതി ചെയ്തത്.

Tags:    

Similar News