ട്വിറ്റര്‍ പൂട്ടിക്കുമെന്ന് മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ സിഇഒ; നിഷേധിച്ച് ഐടി മന്ത്രി

Update: 2023-06-13 06:46 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരകാലത്ത് ട്വിറ്റര്‍ പൂട്ടിക്കുമെന്ന് മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമാ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വിദേശ രാജ്യങ്ങളില്‍ ട്വിറ്റര്‍ നടത്തിപ്പില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇന്ത്യയിലെ അനുഭവങ്ങള്‍ ജാക്ക് ഡോര്‍സി വ്യക്തമാക്കിയത്. എന്നാല്‍, ജാക്ക് ഡോര്‍സിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. ''കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട്‌കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായി. ബ്ലോക്ക് ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യ പൂട്ടിക്കുമെന്നു മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്ന് വെല്ലുവിളിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് വെളിപ്പെടുത്തിയത്. ഇന്ത്യയ്ക്കു പുറമേ, നൈജീരിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുണ്ടായ അനുഭവങ്ങളും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

    എന്നാല്‍, ജാക്ക് ഡോര്‍സി കള്ളം പറയുകയാണെന്നും ഇന്ത്യയിലെ നിയമങ്ങളെ മാനിക്കണമെന്ന് മാത്രമാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. കര്‍ഷക സമര കാലത്ത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന വിധത്തില്‍ ട്വിറ്ററിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു. അപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇടപെടാന്‍ സര്‍ക്കാരിന് അവകാശവുമുണ്ട്. എന്നാല്‍, ട്വിറ്റര്‍ അതിനു തയാറായില്ല. ഒരിടത്തും റെയ്ഡ് നടന്നില്ലെന്നും ആരെയും ജയിലില്‍ അടച്ചിട്ടില്ലെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ അറിയിച്ചു.


Tags:    

Similar News