'മോദി സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല'; 37 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂളിന് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന റിപോര്‍ട്ട് പുറത്ത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്റെ (യുഡിഎസ്ഇ) റിപോര്‍ട്ടിലാണ് 2023-2024 കാലത്ത് 37 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ലെന്ന കണക്കുള്ളത്.
സ്‌കൂളുകളിലെ മൊത്തം എന്റോള്‍മെന്റ് 2022-23 ല്‍ 25.17 കോടിയില്‍ നിന്ന് 2023-24 ല്‍ 24.80 കോടിയായി കുറഞ്ഞു. സ്ത്രീ പ്രവേശനം 16 ലക്ഷവും യുവാക്കളുടെ എന്റോള്‍മെന്റ് 21 ലക്ഷവുമായി കുറഞ്ഞു. സ്വകാര്യവല്‍ക്കരണം, സര്‍ക്കാര്‍ സ്‌കൂളുകള്‍ വില്‍പനക്കു വക്കുന്നതുമാണ് ഇതിന് കാരണമെന്ന് സിപിഎം നേതാവ് സുഭാഷിണി അലി പറഞ്ഞു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളരെ കുറവ് കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നതെന്നും റിപോര്‍ട്ട് പറയുന്നു. ഇത് കേവലം എണ്ണത്തിലുള്ള കുറവല്ലെന്നും വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ഒരു തലമുറയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ മറ്റ് പദ്ധതികള്‍ക്ക് ശതകോടികള്‍ ചെലവഴിക്കുമ്പോള്‍, ഇന്ത്യയില്‍ കുട്ടികളുടെ ഭാവി ബലികഴിക്കപ്പെടുകയാണെന്നും വിദ്യാഭ്യാസ വിദഗ്ദര്‍ പറയുന്നു.