ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി വരെ ആവാമായിരുന്നു

Update: 2024-11-02 07:46 GMT

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ക്ഷണം ലഭിച്ചത്. അന്ന് വാജ്‌പേയി സര്‍ക്കാരിലെ ഒരു മന്ത്രി ന്യൂയോര്‍ക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു എന്നാണ് തരൂര്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ തങ്ങള്‍ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങള്‍ വീക്ഷിക്കുന്ന വിധം വെവ്വേറെയായതിനാലും താന്‍ ഒഴിവാക്കിവിട്ടതാണെന്നും തരൂര്‍ വെളിപ്പെടുത്തി. വര്‍ഷങ്ങളോളം താന്‍ ഒരു രാഷ്ട്രീയത്തിലാണ് പ്രവര്‍ത്തിച്ചത്, അന്നെല്ലാം വിമര്‍ശിച്ചുകൊണ്ടിരുന്ന ഒരു രാഷ്ട്രീയത്തിലേക്ക് പോകാന്‍ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരു പക്ഷേ അവര്‍ തന്നെ വിദേശകാര്യ മന്ത്രി വരെ ആക്കുമായിരുന്നു, എന്നാല്‍ ഒരിക്കലും ഒരു ബിജെപിക്കാരനാകാന്‍ തനിക്ക് സാധിക്കില്ലെന്നാണ് മറുപടി പറഞ്ഞതെന്നും തരൂര്‍ വെളിപ്പെടുത്തുന്നുണ്ട്.




Tags:    

Similar News