ഞങ്ങളുടെ മനസ്സാക്ഷിയെ ഞെട്ടിച്ചു, ഹാഥ്‌റസ് കൂട്ടബലാല്‍സംഗത്തില്‍ സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി; യുപി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും

പെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കാനോ സ്വാധീനിക്കാനോ ആരും ശ്രമിക്കരുതെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ ജസ്പ്രീത് സിങ്, രാജന്‍ റോയ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കാരത്തിനായി കുടുംബത്തിന് കൈമാറാത്തത് അതിശയകരവും വേദനാജനകവുമാണെന്ന് കോടതി നിരീക്ഷിച്ചു.

Update: 2020-10-02 02:37 GMT

അലഹബാദ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഞങ്ങളുടെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന് നിരീക്ഷിച്ച കോടതി, യുപിയിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് അഡീഷനല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിപി, ലക്‌നോ എഡിജിപി, ജില്ലാ മജിസ്‌ട്രേറ്റ്, ഹാഥ്‌റസ് എസ്പി എന്നിവര്‍ കോടതിയുടെ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നോ ബെഞ്ചിന്റെ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കോടതി സമന്‍സ് അയച്ചു.

അവരുടെ വിശദീകരണങ്ങള്‍ക്ക് സാധൂകരണം നല്‍കുന്ന തെളിവുകളും ഹാജരാക്കണം. കേസിന്റെ അന്വേഷണപുരോഗതി കോടതിയെ അറിയിക്കണമെന്നും 11 പേജുള്ള ഉത്തരവിലുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തോടും കോടതിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവരുടെ ഭാഗം കോടതിയുടെ മുമ്പാകെ വിശദീകരിക്കുന്നതിനാണ് കുടുംബത്തോട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 12ന് കേസ് പരിഗണിക്കും. ഇതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണവും സമര്‍പ്പിക്കണം.

പെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കാനോ സ്വാധീനിക്കാനോ ആരും ശ്രമിക്കരുതെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ ജസ്പ്രീത് സിങ്, രാജന്‍ റോയ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കാരത്തിനായി കുടുംബത്തിന് കൈമാറാത്തത് അതിശയകരവും വേദനാജനകവുമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയുടെ സംസ്‌കാരം യുപി പോലിസ് തിടുക്കത്തില്‍ നടത്തിയെന്ന കുടുംബത്തിന്റെ ആരോപണം സാധൂകരിക്കുന്ന നിരവധി മാധ്യമറിപോര്‍ട്ടുകള്‍ ജഡ്ജിമാര്‍ പരാമര്‍ശിച്ചു.

മരണപ്പെട്ടയാളുടെ മൃതദേഹത്തോട് ഭരണകൂടം ബഹുമാനം കാണിക്കണം. മരണകാരണം കണ്ടെത്തുന്നതിനും കുറ്റകൃത്യം തെളിയിക്കുന്നതിനും ആവശ്യമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം അനിവാര്യമാണ്. ഇരയുടെ കുടുംബത്തിന്റെ മൗലികാവകാശങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇത് അടിച്ചമര്‍ത്തുന്ന രീതിയില്‍ അധികാരികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News