ടിപ്പുവിനെ കുറിച്ച് ഇമ്രാന്‍ഖാന്റെ ട്വീറ്റ്: വടി കൊടുത്ത് അടി വാങ്ങി ബിജെപി നേതാവ്
സ്വാതന്ത്ര്യ സമര പോരാളിയും പ്രജകള്‍ക്കായി പോരാടി മരിക്കുകയും ചെയ്ത ടിപ്പു സുല്‍ത്താന്‍ വിസ്മയമാണെന്നും അദ്ദേഹത്തെ ആദരിക്കുന്നുവെന്നുമായിരുന്നു ഇമ്രാന്‍ഖാന്റെ ട്വീറ്റ്
ബംഗ്ലൂരു: ടിപ്പുസുല്‍ത്താനെ പ്രകീര്‍ത്തിച്ചുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ട്വീറ്റിനെ ചൊല്ലി ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ വാക് പോര്. സ്വാതന്ത്ര്യ സമര പോരാളിയും പ്രജകള്‍ക്കായി പോരാടി മരിക്കുകയും ചെയ്ത ടിപ്പു സുല്‍ത്താന്‍ വിസ്മയമാണെന്നും അദ്ദേഹത്തെ ആദരിക്കുന്നുവെന്നുമായിരുന്നു ഇമ്രാന്‍ഖാന്റെ ട്വീറ്റ്.
ഇതിനു മറുപടിയായാണ് സിദ്ധരാമയ്യയെ പരിഹസിച്ച് ബിജെപി നേതാവായ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. ഇമ്രാന്‍ഖാനെ കെട്ടിപ്പിടിക്കാന്‍ സമയമായെന്നും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രീതി പിടിച്ചു പറ്റാന്‍ ഇതാണ് പറ്റിയ സമയമെന്നുമായിരുന്നു സിദ്ധരാമയ്യയോടുള്ള ചന്ദ്രശേഖറിന്റെ പരിഹാസം. ഭരണത്തിലിരിക്കെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ച സിദ്ധരാമയ്യയെ ഉന്നം വച്ചായിരുന്നു ചന്ദ്രശേഖറിന്റെ ട്വീറ്റ്.
എന്നാല്‍ ഇതിനു മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തുകയായിരുന്നു. ഇത്തരം ട്വീറ്റിനു മുമ്പ് ചന്ദ്രശേഖര്‍ നല്ലവണ്ണം ആലോചിക്കണമായിരുന്നു. ഞാന്‍ താങ്കളുടെ കള്ളനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല. ശത്രു രാജ്യത്ത് പോയി ബിരിയാണി കഴിക്കുകയും ഇവിടെ വന്നു എതിര്‍ക്കുകയും ചെയ്യുന്നത് എന്റെ രീതിയല്ല. ആദര്‍ശം അടിയറ വച്ചു സന്ധിയാവുന്നതു താങ്കളുടെ നേതാവിന്റെ രീതിയാണ്. ആ നേതാവിന്റെ അടിമയായി ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ടിപ്പുസുല്‍ത്താനെ പോലെ ജീവിതം നയിക്കുന്നതാണ്- മറുപടി ട്വീറ്റില്‍ സിദ്ധരാമയ്യ വ്യക്തമാക്കി.