പശുവിന്റെ പേരില്‍ കലാപം; യുപിയില്‍ പോലിസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് വെടിവച്ച് കൊന്നു; കൊല നടത്തിയത് ബജ്‌റംഗ് ദള്‍ നേതാവ്
ബുലന്ദ ശഹറില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. സുബോധ്കുമാര്‍ സിങ്ങിനെ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. യുപിയിലെ ദാദ്രിയില്‍ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസ് തുടക്കത്തില്‍ അന്വേഷിച്ചത് സുബോധ്കുമാര്‍ സിങ്ങായിരുന്നു.
ലഖ്്‌നോ: യുപിയില്‍ പശുവിന്റെ പേരില്‍ കലാപം നടത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പോലിസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. പ്രാദേശിക ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്നതും വ്യക്തമായി. ഇയാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
ബുലന്ദ ശഹറില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. സുബോധ്കുമാര്‍ സിങ്ങിനെ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. യുപിയിലെ ദാദ്രിയില്‍ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസ് തുടക്കത്തില്‍ അന്വേഷിച്ചത് സുബോധ്കുമാര്‍ സിങ്ങായിരുന്നു.
2015 സപ്തംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പതുവരെ ദാദ്രി സംഭവം അന്വേഷിച്ച സുബോധ് കുമാര്‍ നിരവധി പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരം തീര്‍ക്കാന്‍ സംഘപരിവാരം ആസൂത്രണം ചെയ്തതാണ് കലാപമെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
അറസ്റ്റിലായ യോഗേഷ് രാജാണ് 25 പശുക്കളുടെ ജഡങ്ങള്‍ വനപ്രദേശത്ത് കണ്ടെത്തിയെന്ന് പരാതി നല്‍കിയത്. വീഡിയോ ദൃശ്യങ്ങളില്‍ ഇയാള്‍ പോലിസുകാരുമായി വാഗ്വാദം നടത്തുന്നത് വ്യക്തമാണ്.
റോഡ് ബ്ലോക്ക് ചെയ്ത് സംഘപരിവാര പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ പോലിസ് ശ്രമിച്ചപ്പോഴാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നൂറുകണക്കിനാളുകളാണ് പോലിസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് കല്ലെറിഞ്ഞത്. തുടര്‍ന്ന് പോലിസ് ഔട്ട്‌പോസ്റ്റും കാറുകളും തീവച്ചു.
ജനക്കൂട്ടത്തെ തടയാന്‍ ശ്രമിച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിന് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കവേ ജനക്കൂട്ടം വാഹനത്തെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഒരു വയലില്‍ വാഹനത്തെ വളഞ്ഞിട്ട് ജനക്കൂട്ടം വെടിയുതിര്‍ക്കുകയായിരുന്നു. വാഹനം നിര്‍ത്തിയ ഉടനെ താന്‍ ഓടി രക്ഷപ്പെട്ടെന്നും ജനക്കൂട്ടം എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും പിന്നീട് ഡ്രൈവര്‍ പറഞ്ഞു.
വെടിയേറ്റ സുബോധ് സിങിന്റെ മൃതദേഹം പോലിസ് ജീപ്പില്‍ നിന്ന് തൂങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ചിത്രീകരിച്ച് പ്രചരിപ്പിച്ചിട്ടുണ്ട്. വെടിവച്ച് കൊല്ലൂ എന്ന് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പോലിസ് ഇന്‍സ്‌പെക്ടറെ പ്രത്യേകം തിരഞ്ഞു പിടിച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സുമിത് എന്ന നാട്ടുകാരനും അക്രമത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാള്‍ പോലിസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു.
സുബോധ് കുമാര്‍ സിങിനെ ഒറ്റക്കാക്കി മറ്റു പോലിസുകാര്‍ എന്ത് കൊണ്ട് മാറിനിന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. 27 പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരേയുമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്.