കൊവിഡ്, രാഷ്ട്രീയസാഹചര്യം വിലയിരുത്തല്‍; രാജ്യസഭാ എംപിമാരുടെ യോഗം വിളിച്ച് സോണിയാ ഗാന്ധി
വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാവും യോഗം ചേരുക. നേരത്തെ ലോക്‌സഭാ എംപിമാരുടെയും യോഗം സോണിയാ ഗാന്ധി വിളിച്ചിരുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഈമാസം 30ന് രാജ്യസഭാ എംപിമാരുടെ യോഗം വിളിച്ചു. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളും കൊവിഡ് സ്ഥിതിഗതികളും ചര്‍ച്ച ചെയ്യാനാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാവും യോഗം ചേരുക. നേരത്തെ ലോക്‌സഭാ എംപിമാരുടെയും യോഗം സോണിയാ ഗാന്ധി വിളിച്ചിരുന്നു. പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് അന്ന് യോഗത്തില്‍ പങ്കെടുത്ത എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ രാജസ്ഥാനില്‍ പാര്‍ട്ടി രാഷ്ട്രീയപ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് സോണിയ യോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനെതിരേ സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി എന്ന ശീര്‍ഷകത്തില്‍ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായതോടെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും കോണ്‍ഗ്രസിന്റെ ചുമതലകളില്‍നിന്നും നീക്കിയിരുന്നു. രാജസ്ഥാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിക്കുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്നുമാണ് ഗെഹ്‌ലോട്ടിന്റെ മുന്നറിയിപ്പ്.