ചുമതല ഏറ്റെടുക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തുടരും

പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ അവസാനിപ്പിക്കാനും സംഘടനയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാനുമാണ് സോണിയാ ഗാന്ധിയുടെ വസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് 23 കോണ്‍ഗ്രസ് നേതാക്കള്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.

Update: 2020-12-19 14:12 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തുടരും. അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാട് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതോടെയാണ് സോണിയാ ഗാന്ധി തന്നെ തുടരാന്‍ നേതൃത്വം തീരുമാനിച്ചത്. നേതൃത്വത്തിന്റെ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ തിരുത്തല്‍ ശബ്ദമുയര്‍ത്തിയ നേതാക്കളുമായി സോണിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ തിരികെയെത്തണമെന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ തള്ളുകയായിരുന്നു. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ അവസാനിപ്പിക്കാനും സംഘടനയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാനുമാണ് സോണിയാ ഗാന്ധിയുടെ വസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് 23 കോണ്‍ഗ്രസ് നേതാക്കള്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.

സംഘടനയുടെ സമ്പൂര്‍ണമാറ്റവും മുകള്‍ മുതല്‍ താഴേത്തട്ട് വരെയുള്ള ആഭ്യന്തര തിരഞ്ഞെടുപ്പും നടത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ ഉള്‍പ്പെടെയുള്ളവരാണ് കത്തയച്ചിരുന്നത്. ഇവര്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ശക്തമായ നേതൃത്വമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും തിരിച്ചടികളുണ്ടാവുമെന്നും സംഘടനാ സംവിധാനം ശക്തമാക്കാന്‍ നേതൃത്വം നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയും യോഗത്തില്‍ ഉയര്‍ന്നുവന്നു.

പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ശക്തമായ നേതൃത്വമുണ്ടായില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി ശശി തരൂരാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അധ്യക്ഷയ്ക്ക് മുന്നില്‍ വച്ചത്. ഇടഞ്ഞുനില്‍ക്കുന്ന എല്ലാ നേതാക്കളെയും ഒരുമിച്ചുകൊണ്ടുവരാനും പാര്‍ട്ടിയിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാനും നടപടികളുണ്ടാവണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും എത്തണമെന്ന ആവശ്യം നേതാക്കള്‍ മുന്നോട്ടുവച്ചെങ്കിലും അദ്ദേഹം ഇതിനോട് വിയോജിച്ചു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താന്‍ തല്‍ക്കാലമില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, സോണിയാ ഗാന്ധി തല്‍ക്കാലം അധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക് യോഗമെത്തുകയായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമായ കമല്‍നാഥ്, മുതിര്‍ന്ന നേതാക്കളായ അംബികാ സോണി, എ കെ ആന്റണി, പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ് മേക്കന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News