നിങ്ങള്‍ പറയുന്ന സ്ഥലത്ത് വരാം, ധൈര്യമുണ്ടെങ്കില്‍ എന്നെ വെടിവയ്ക്കൂ; കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് ഉവൈസി

നിങ്ങള്‍ പറയുന്ന സ്ഥലവും തിയ്യതിയും പറഞ്ഞാല്‍ അവിടെ വരാന്‍ താന്‍ തയ്യാറാണ്. നിങ്ങളുടെ പ്രസ്താവനകള്‍ എന്റെ ഹൃദയത്തില്‍ ഭയം സൃഷ്ടിക്കുകയില്ല.

Update: 2020-01-29 04:24 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരേ വെടിയുതിര്‍ക്കണമെന്ന ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ ആഹ്വാനത്തിനെതിരേ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്ത്. ഇന്ത്യയില്‍ ഏതെങ്കിലും സ്ഥലത്തുവച്ച് തനിക്കെതിരേ നിറയൊഴിക്കാന്‍ കേന്ദ്രമന്ത്രിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ധൈര്യമുണ്ടോയെന്ന് ഉവൈസി വെല്ലുവിളിച്ചു. നിങ്ങള്‍ പറയുന്ന സ്ഥലവും തിയ്യതിയും പറഞ്ഞാല്‍ അവിടെ വരാന്‍ താന്‍ തയ്യാറാണ്. നിങ്ങളുടെ പ്രസ്താവനകള്‍ എന്റെ ഹൃദയത്തില്‍ ഭയം സൃഷ്ടിക്കുകയില്ല. ആയിരക്കണക്കായ അമ്മമാരും സഹോദരിമാരുമെല്ലാം രാജ്യത്തെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയിട്ടുള്ളപ്പോള്‍ താനെന്തിന് ഇത്തരം വാക്കുകളെ ഭയക്കണമെന്നും ഉവൈസി ചോദിച്ചു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അനുരാഗ് താക്കൂര്‍ കൊലവിളി പ്രസംഗം നടത്തിയത്. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെയ്ക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ യോഗത്തിലെ മുദ്രാവാക്യം. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി പ്രവര്‍ത്തകരെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരേയെന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെ കൊണ്ട് 'വെടിവയ്ക്കൂ' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായി.

'ദേശ് കെ ഗദ്ദറോണ്‍' എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോം കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. 

Tags:    

Similar News