'ഈ സൗഹൃദമില്ലായ്മയില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം ബി രാജേഷിന് മറുപടിയുമായി വി ടി ബല്‍റാം
കോഴിക്കോട്: ഡല്‍ഹി വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള തൃത്താല എംഎല്‍എയും നിയമസഭാ സ്പീക്കറുമായ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. 'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം ബി രാജേഷിന്റെ ഏറ്റവും പുതിയ അഭിമുഖത്തിലെ വരികള്‍ പങ്കുവച്ചാണ് ബല്‍റാം പ്രതികരിച്ചത്. 'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു' എന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം എം ബി രാജേഷ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയതിന് പിന്നാലെയാണ് ബല്‍റാമിന്റെ പ്രതികരണം. അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളതെന്ന് സ്പീക്കര്‍ ഫേസ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റിട്ടത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഡല്‍ഹി വംശഹത്യയ്ക്ക് കാരണമായ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് അനുരാഗ് താക്കൂര്‍.
'രാജ്യദ്രോഹികളെ' പരസ്യമായി വെടിവയ്ക്കണം എന്ന അനുരാഗ് താക്കൂറിന്റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപ്പടര്‍ത്തുന്നതിന് സഹായിച്ചതായാണ് വസ്തുതാന്വേഷണങ്ങളില്‍ കണ്ടെത്തിയത്. ഇത്തരമൊരാളെ പ്രകീര്‍ത്തിച്ച് സ്പീക്കര്‍ കൂടിയായ എം ബി രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു.
പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണതെന്നാണ് സ്പീക്കര്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരില്‍ കാണുന്നതെന്നും നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷമെന്നും പോസ്റ്റില്‍ എം ബി രാജേഷ് പറയുന്നു.