വ്യാജമദ്യ ദുരന്തം: യുപി സര്‍ക്കാരിനു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ്
ലഖ്‌നോ: സംസ്ഥാനത്തു വര്‍ധിച്ചു വരുന്ന വ്യാജമദ്യ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ യുപി സര്‍ക്കാരിനു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. ദുരന്തങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കി നാലാഴ്ചക്കകം റിപോര്‍ട്ടു നല്‍കണമെന്നാണു കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. 15 വര്‍ഷത്തിനിടെ 150ഓളം ആളുകളാണ് സംസ്ഥാനത്തു വ്യാജമദ്യദുരന്തങ്ങളില്‍ കൊല്ലപ്പെട്ടതെന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 300 ലധികം കുടുംബങ്ങളാണു മദ്യദുരന്തങ്ങള്‍ മൂലം തകര്‍ന്നത്. എന്നിട്ടും ദുരന്തങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നു മാത്രമല്ല കുറ്റക്കാര്‍ക്കെതിരേ നടപടികളൊന്നും കൈക്കൊണ്ടതുമില്ലെന്നും കമ്മീഷന്‍ പറഞ്ഞു. ഈ മാസം ആദ്യത്തില്‍ സഹാറന്‍പൂറിലും കുശിനഗറിലുമുണ്ടായ മദ്യദുരന്തങ്ങളും കമ്മീഷന്‍ പരാമര്‍ശിച്ചു.