മെട്രോ സര്‍വീസുകളുടെ ഇടവേള വര്‍ധിപ്പിക്കും, കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്റ്റേഷനുകള്‍ അടച്ചിടും; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
മെട്രോ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് യാത്രക്കാര്‍ വിധേയരാവണം. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ യാത്ര അനുവദിക്കില്ല. ഘട്ടംഘട്ടമായി മാത്രമേ ഇവിടെ സര്‍വീസ് ആരംഭിക്കുകയുള്ളൂ. എന്നാല്‍, സപ്തംബര്‍ 12നകം ഈ ലൈനുകളിലും മുഴുവനായി സര്‍വീസ് ആരംഭിക്കും.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച രാജ്യത്തെ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നാലാംഘട്ട ലോക്ക് ഡൗണ്‍ ഇളവിന്റെ ഭാഗമായി ഈമാസം ഏഴുമുതലാണ് ഘട്ടംഘട്ടമായി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ മെട്രോ സര്‍വീസുകളുടെ ഇടവേള വര്‍ധിപ്പിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടും. യാത്രക്കാര്‍ മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കണം.
മാസ്‌കില്ലാതെയെത്തുന്ന യാത്രക്കാര്‍ക്ക് പണം ഈടാക്കി മാസ്‌കുകള്‍ വിതരണം ചെയ്യുന്നതിന് മെട്രോ റെയില്‍ കോര്‍പറേഷനുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്താവുന്നതാണ്. കൊവിഡ് പ്രതിരോധനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. ഈമാസം 12 നകം എല്ലാ മെട്രോ ലൈനുകളും പ്രവര്‍ത്തനക്ഷമമാവുന്ന രീതിയിലാണ് ക്രമീകരണം. സര്‍വീസുകളുടെ സമയക്രമം, യാത്രക്കാരുടെ എണ്ണം എന്നിവ അതാത് മെട്രോ സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് തീരുമാനിക്കാം. കേന്ദ്രം പുറത്തിറക്കിയ പൊതുവായ മാര്‍ഗനിര്‍ദേശപ്രകാരം ഒന്നിലധികം അല്ലെങ്കില്‍ ഇരട്ടലൈനുകളുള്ള സംസ്ഥാനങ്ങളില്‍ ഒരുമിച്ച് സര്‍വീസുകള്‍ ആരംഭിക്കില്ല.
ഘട്ടംഘട്ടമായി മാത്രമേ ഇവിടെ സര്‍വീസ് ആരംഭിക്കുകയുള്ളൂ. എന്നാല്‍, സപ്തംബര്‍ 12നകം ഈ ലൈനുകളിലും മുഴുവനായി സര്‍വീസ് ആരംഭിക്കും. മെട്രോ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് യാത്രക്കാര്‍ വിധേയരാവണം. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ യാത്ര അനുവദിക്കില്ല. അവരോട് അടുത്തുള്ള കൊവിഡ് കെയര്‍ സെന്റര്‍/ആശുപത്രിയിലേക്ക് പോവാന്‍ നിര്‍ദേശിക്കണം. ആരോഗ്യസേതു ആപ്പിന്റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്റ്റോപ്പുകളില്‍ ഇറങ്ങാനോ കയറാനോ കഴിയില്ല. ഈ പ്രദേശങ്ങള്‍ മെട്രോകള്‍ക്ക് സ്‌റ്റോപ്പുണ്ടാവില്ല.
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയ ശേഷമേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ കഴിയൂ. യാത്രക്കാരും മെട്രോകളിലെ ജീവനക്കാരും സമൂഹിക അകലം പാലിക്കല്‍ ഉറപ്പുവരുത്തുന്നതിന് സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേകം മാര്‍ക്ക് ചെയ്യണം. ആദ്യദിവസങ്ങളില്‍ സര്‍വീസ് മണിക്കൂറുകള്‍ കുറച്ചുമതി. സമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കൂടുതല്‍ സമയം ട്രെയിന്‍ നിര്‍ത്തിയിടണം. മെട്രോ കോര്‍പറേഷനുകള്‍ പോലിസിന്റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കണം.
ആളുകള്‍ സ്പര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം കൃത്യമായ ശുചിത്വവും അണുവിമുക്തമാക്കലും നടക്കണം. ഉപകരണങ്ങള്‍, ട്രെയിന്‍, ജോലിചെയ്യുന്ന സ്ഥലം, ലിഫ്റ്റ്, എസ്‌കലേറ്ററുകള്‍, ഹാന്‍ട്രെയ്ല്‍, എഎഫ്സി ഗേറ്റ്, ടോയ്ലറ്റുകള്‍ തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. മെട്രോ സ്റ്റേഷനുകളിലെ ടോക്കണ്‍ പേപ്പറുകളും സ്ലിപ്പ് ടിക്കറ്റുകളും സാനിറ്റൈസേഷന് വിധേയമാക്കണം. ഓണ്‍ലൈന്‍, സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗം പ്രോല്‍സാഹിപ്പിക്കണം. കുറച്ച് ലഗേജുമായി യാത്രയ്‌ക്കെത്തണം. ലോഹവസ്തുക്കള്‍ കൊണ്ടുപോവുന്നത് പരമാവധി ഒഴിവാക്കണം.
രാജ്യത്ത് 17 മെട്രോ കോര്‍പറേഷനുകളാണുള്ളത്. ഡല്‍ഹി, നോയിഡ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ മെട്രോ സര്‍വീസുകളാണ് ഈമാസം ഏഴിന് തുടങ്ങുക. മഹാരാഷ്ട്ര ഇതുവരെയും മെട്രോ സര്‍വീസ് തുടങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ ഡല്‍ഹി മെട്രോ സര്‍വീസുകള്‍ രണ്ട് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ 11 വരെയും വൈകീട്ട് 4 മുതല്‍ 8 വരെയും. രണ്ടാംഘട്ടത്തില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 4 മുതല്‍ രാത്രി 10 വരെയുമായിരിക്കും സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക.